മൊബൈൽ ഫോണുകൾ നഷ്ടമായാൽ കണ്ടെത്തുക എന്നത് ഒരു തലവേദന തന്നെയാണ്. ദിവസേന നൂറുകണക്കിന് ഫോണുകളാണ് രാജ്യത്ത് പലതരത്തിൽ ഉടമകളുടെ കയ്യിൽ നിന്ന് നഷ്ടമാകുന്നത്. ഇതിൽ പലതും റിപ്പോർട്ട് ചെയ്യപ്പെടാറുമില്ല. കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ് പലരും റിപ്പോർട്ട് ചെയ്യാൻ പോലും തയാറാകാത്തതിന് കാരണം. ഇത്തരത്തിൽ നഷ്ടമാകുന്ന മൊബൈൽ ഫോണുകൾ ഉപയോഗിച്ച് എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കാനും സാധ്യതയുണ്ട്. എന്നാൽ മെയ് 17ന് മുതൽ ഇതിനൊരു പരിഹാരം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാരെന്നാണ് ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള വിവരം. നഷ്ടപ്പെടുന്ന ഫോണുകൾക്ക് ഒരു ട്രാക്കിംഗ് സിസ്റ്റം പുറത്തിറക്കുന്നതോടെ രാജ്യത്ത് എവിടെയായാലും ഫോണിന്റെ പ്രവർത്തനം ബ്ലോക്ക് ചെയ്യാനും ഫോൺ എവിടെയെന്ന് ട്രാക്കുചെയ്യാനും കഴിയുമെന്ന് മുതിർന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
ടെക്‌നോളജി ഡെവലപ്‌മെന്റ് ബോഡി ആയ സെന്റർ ഫോർ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സിഡിഒടി) ആണ് ഡൽഹി, മഹാരാഷ്ട്ര, കർണാടക, നോർത്ത് ഈസ്റ്റ് മേഖല എന്നിവയുൾപ്പെടെ ചില ടെലികോം സർക്കിളുകളിൽ സിഇഐആർ സിസ്റ്റത്തിന്റെ പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചത്. ഇതുവരെയുള്ള പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഈ സംവിധാനം ഇപ്പോൾ ഇന്ത്യയിലൊട്ടാകെ വിന്യാസിക്കാൻ പ്രാപ്തമാണ് എന്ന് ഒരു CDoT ഉദ്യോഗസ്ഥൻ പറഞ്ഞു. സിഇഐആർ സിസ്റ്റം മെയ് 17 ന് രാജ്യത്തൊട്ടാകെ പുറത്തിറക്കാൻ സാധിക്കുന്ന തരത്തിൽ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സിഡിഒടിയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും പ്രോജക്ട് ബോർഡ് ചെയർമാനുമായ രാജ്കുമാർ ഉപാധ്യായ തീയതി സ്ഥിരീകരിക്കാൻ തയ്യാറായില്ല. എന്നാൽ ഇന്ത്യയിലെമ്പാടും ഈ സാങ്കേതിക സംവിധാനം വിന്യാസിക്കാൻ തയ്യാറായിട്ടുണ്ടെന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചു.
ഇന്ത്യയിൽ വിൽക്കുന്ന ഏത് മൊബൈൽ ഉപകരണങ്ങൾക്കും IMEI അഥവാ 15 അക്ക യൂണീക്ക് നമ്പർ ഉണ്ടായിരിക്കണം എന്നത് സർക്കാർ ഇപ്പോൾ നിർബന്ധമാക്കിയിട്ടുണ്ട്. അംഗീകൃത IMEI നമ്പറുകളുടെ ലിസ്റ്റിലേക്ക് മൊബൈൽ നെറ്റ്‌വർക്കുകൾക്ക് ആക്‌സസ് ഉണ്ടായിരിക്കും. അത് അവരുടെ നെറ്റ്‌വർക്കിലെ ഏതെങ്കിലും മൊബൈൽ ഫോണുകളുടെ അനധികൃത എൻട്രി പരിശോധിക്കും. ടെലികോം ഓപ്പറേറ്റർമാർക്കും CEIR സിസ്റ്റത്തിനും ഉപകരണത്തിന്റെ IMEI നമ്പരും അതുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പരും കണ്ടെത്താൻ കഴിയും. കൂടാതെ നിങ്ങളുടെ നഷ്‌ടമായതോ മോഷ്‌ടിക്കപ്പെട്ടതോ ആയ മൊബൈലുകൾ CEIR വഴി ട്രാക്ക് ചെയ്യുന്നതിന് ചില സംസ്ഥാനങ്ങളിൽ ഈ വിവരങ്ങൾ ഉപയോഗിക്കുന്നുണ്ട്.
മോഷ്ടിച്ച മൊബൈൽ ഫോണുകളുടെ IMEI നമ്പർ മോഷ്ടാക്കൾ മാറ്റുന്നത് അത്തരം ഹാൻഡ്‌സെറ്റുകൾ ട്രാക്കുചെയ്യുന്നത് തടയുന്നതിനാണ്. അത് ഒരു ദേശീയ സുരക്ഷാ പ്രശ്നമായിരുന്നു. എന്നാൽ ഇപ്പോൾ വിവിധ ഡാറ്റാബേസുകളുടെ സഹായത്തോടെ നെറ്റ്‌വർക്കിലെ ഏത് ക്ലോൺ ചെയ്ത മൊബൈൽ ഫോണുകളും ബ്ലോക്ക് ചെയ്യാൻ സിഇഐആറിന് കഴിയും എന്ന് ഉപാധ്യായ പറഞ്ഞു.
മോഷ്ടിക്കപ്പെട്ടതും നഷ്ടപ്പെട്ടതുമായ മൊബൈലുകളുടെ റിപ്പോർട്ടിംഗ് എളുപ്പമാക്കുകയും രാജ്യത്തുടനീളം ഇത്തരം മൊബൈലുകളുടെ ഉപയോഗം തടയുകയും ചെയ്യുക എന്നതാണ് CEIR-ന്റെ ലക്ഷ്യം. ഇത് മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും, മോഷ്ടിച്ചതും നഷ്ടപ്പെട്ടതുമായ മൊബൈലുകൾ പോലീസിന് കണ്ടെത്താൻ സഹായിക്കുകയും, ക്ലോൺ ചെയ്തതോ വ്യാജമോ ആയ മൊബൈലുകൾ കണ്ടെത്താനും, അത്തരത്തിൽ ക്ലോൺ ചെയ്ത മൊബൈലുകളുടെ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്തിടെ കർണാടക പോലീസ് 2500 നഷ്‌ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടെടുക്കുകയും സിഇഐആർ സംവിധാനം ഉപയോഗിച്ച് ഉടമകൾക്ക് കൈമാറുകയും ചെയ്തിരുന്നു. ആപ്പിൾ ഐഡിയുടെ സഹായത്തോടെ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ട്രാക്ക് ചെയ്യാനുള്ള സംവിധാനം ആപ്പിളിന് ഇതിനകം തന്നെയുണ്ട്. എന്നാൽ പ്രധാന പ്രശ്നങ്ങൾ ആൻഡ്രോയിഡ് മൊബൈൽ ഫോണുകൾ നഷ്ട്ടപെടുമ്പോഴാണ്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർ കുടുങ്ങും.
Post a Comment