Join News @ Iritty Whats App Group

കര്‍ണാടക ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; എംപി കുമാരസ്വാമിയും രാജിവച്ചു


ബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. മുദിഗരെയിലെ സിറ്റിംഗ് എംഎല്‍എ എം പി കുമാരസ്വാമി പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. ഇത്തവണ കുമാരസ്വാമിക്ക് സീറ്റ് ലഭിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കുമാരസ്വാമിയുടെ രാജി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രാജിവയ്ക്കുന്ന നാലാമത്തെ പ്രധാന നേതാവാണ് കുമാരസ്വാമി. ശിവമൊഗ്ഗ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ നിരവധി പ്രവര്‍ത്തകരും രാജി വച്ചിരുന്നു. 

ലക്ഷ്മണ്‍ സാവഡി പാര്‍ട്ടി പ്രാഥമിക അംഗത്വം രാജി വച്ചതിന് പിന്നാലെ ബിജെപി എംഎല്‍സി ആര്‍ ശങ്കറും പാര്‍ട്ടി വിട്ടിരുന്നു. 2018-ല്‍ റാണെബെന്നൂരില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചയാളായിരുന്നു ആര്‍ ശങ്കര്‍. ആദ്യം പിന്തുണച്ചത് കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിനെയായിരുന്നു. സഖ്യസര്‍ക്കാരില്‍ മന്ത്രിയായിരുന്ന ശങ്കര്‍ 2019-ല്‍ കൂറ് മാറി ബിജെപിയിലെത്തി. പക്ഷേ 2019-ലെ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ ശങ്കറിന് സീറ്റ് കിട്ടിയില്ല. പകരം ബിജെപി ശങ്കറിന് തല്‍ക്കാലം എംഎല്‍സി സ്ഥാനം നല്‍കി. ഇത്തവണയും സീറ്റ് നല്‍കാതിരുന്നതോടെയാണ് ശങ്കര്‍ പാര്‍ട്ടി വിട്ടത്. റാണെബെന്നൂരില്‍ നിന്ന് ശങ്കര്‍ വീണ്ടും സ്വതന്ത്രനായി മത്സരിക്കും. സിറ്റിംഗ് എംഎല്‍എ അരുണ്‍ കുമാറിനാണ് ബിജെപി റാണെബെന്നൂരില്‍ വീണ്ടും സീറ്റ് നല്‍കിയത്.

മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട് തനിക്ക് ദില്ലിയില്‍ നിന്ന് വിളി വന്നെന്ന് വെളിപ്പെടുത്തിയത് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ തന്നെയാണ്. ഇതിനെതിരെ പൊട്ടിത്തെറിച്ച ഷെട്ടര്‍ ഏത് സര്‍വേയുടെ അടിസ്ഥാനത്തിലാണ് താന്‍ തോല്‍ക്കുമെന്ന് കണ്ടെത്തിയതെന്ന് കേന്ദ്രനേതൃത്വത്തോട് ചോദിച്ചിരുന്നു. ജഗദീഷ് ഷെട്ടര്‍ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചപ്പോള്‍, മുന്‍ ഉപമുഖ്യമന്ത്രി ഈശ്വരപ്പ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. നാലാം യെദിയൂരപ്പ മന്ത്രിസഭയില്‍ 2019 മുതല്‍ 2021 വരെ ഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായിരുന്നു സാവഡിയും രാജി വച്ചതോടെ, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group