ആലപ്പുഴ: നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ മുളക്കുഴയിലാണ് സംഭവം. വീട്ടിൽ പ്രസവിച്ച ശേഷം മാതാവാണ് മരിച്ചെന്ന് കരുതി കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിച്ച വിവരം ആശുപത്രിയിലെത്തി അറിയിച്ചത്. കുട്ടി മരിച്ചെന്നു കരുതിയാണ് ഉപേക്ഷിച്ചതെന്നാണ് യുവതി ആശുപത്രി അധികൃതരോട് പറഞ്ഞത്.
സംഭവം അറിഞ്ഞയുടൻ തന്നെ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതി ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞുമായി പൊലീസ് നടന്ന് നീങ്ങവെയാണ് ബക്കറ്റിനുള്ളിൽ നിന്നുള്ള അനക്കം പൊലീസുകാരന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ബക്കറ്റുമായി ജീപ്പിലേക്ക് പൊലീസുകാരൻ ഓടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഏവരുടെയും ഹൃദയം കവരുന്നതാണ്. ഈ കുഞ്ഞിനെ പൊലീസ് ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ കുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണുള്ളത്.
അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി അറിയിച്ചത് അനുസരിച്ചാണ് ചെങ്ങന്നൂർ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. കുട്ടി മരിച്ചുവെന്നായിരുന്നു യുവതി അറിയിച്ചിരുന്നത്.
ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ് യുവതിയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വാർഡ് മെമ്പർ ഉഷ രാജേന്ദ്രൻ പ്രതികരിച്ചു. യുവതി ഗർഭിണിയായിരുന്ന വിവരം അറിയില്ലായിരുന്നുവെന്നും ഇവർക്ക് എന്തോ ചതി സംഭവിച്ചിട്ടുള്ളതായും ഉഷ മാധ്യമങ്ങളോട് പറഞ്ഞു. മുക്കുപണ്ടം പണയം വെച്ചതിൽ യുവതിയെ ദിവസങ്ങൾക്കു മുന്നേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post a Comment