മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തൃശൂര്‍ തിരുവില്വാമലയില്‍ എട്ട് വയസുകാരി മരിച്ച വാര്‍ത്ത ഏറെ ഞെട്ടലോടെയും ദുഖത്തോടെയുമാണ് ഏവരും കേട്ടത്. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്‍റെ മകള്‍ ആദിത്യശ്രീയാണ് തിങ്കളാഴ്ച രാത്രി നടന്ന അപകടത്തില്‍ മരിച്ചത്. എന്നാല്‍ അപകടത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. വിട്ടിനുള്ളില്‍ നിന്ന് സ്ഫോടനശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞിട്ടുണ്ട്.
രാത്രിയില്‍ ആദിത്യശ്രീ മൊബൈല്‍ ഫോണില്‍ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഈ സമയത്ത് ഫോണ്‍ ചാര്‍ജില്‍ ആയിരുന്നുവെന്ന സംശയവും ഉയരുന്നുണ്ട്. എന്തായാലും ഈ അപകടവാര്‍ത്ത വലിയ ഞെട്ടലോടെയാണ് ഏവരും കേട്ടിരിക്കുന്നത്. പ്രത്യേകിച്ച് ഇന്ന് മിക്ക വീടുകളിലും കുട്ടികള്‍ കാര്യമായിത്തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുള്ള സാഹചര്യത്തില്‍.
ഇനി വീടുകളില്‍ കുട്ടികളുടെ കൈവശം ഫോണ്‍ നല്‍കുന്നതിന് മാതാപിതാക്കളും ഒന്ന് മടിക്കും. എന്നാല്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടത്തിന്‍റെ കാര്യത്തില്‍ കുട്ടികള്‍ക്ക് മാത്രമല്ല ഭീഷണി. മുതിര്‍ന്നവര്‍ക്കും അതേ ഭീഷണിയാണ് നിനില്‍ക്കുന്നത്. ഈയൊരു അപകടസാധ്യത ഇല്ലാതാക്കാൻ ചില കാര്യങ്ങള്‍ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ടതുണ്ട്. അവയാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
മൊബൈല്‍ ഫോണ്‍ ചാര്‍ജില്‍ ഇട്ടുകൊണ്ടിരിക്കുമ്പോള്‍ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക. ഇത് അപകടസാധ്യത കുറയ്ക്കുന്നു. ഇത്തരത്തില്‍ ചാര്‍ജിലായിരിക്കുമ്പോള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ഒരുപാട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രണ്ട്...
ഫോണ്‍ ചാര്‍ജില്‍ വച്ച ശേഷം ഏറെ നേരത്തേക്ക് ചാര്‍ജര്‍ ഡിസ്കണക്ട് ചെയ്യാതെ വയ്ക്കുന്നവരുണ്ട്. ഇങ്ങനെ ഫോണ്‍ അധികസമയത്തേക്ക് ചാര്‍ജിലിടുന്നതും നല്ലതല്ല. ഇതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
മൂന്ന്...
മൊബൈല്‍ ഫോണ്‍ അസാധാരണമായ രീതിയില്‍ ചൂടാകുന്നൊരു പ്രശ്നം ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. ഒന്നുകില്‍ ഇത് ബാറ്ററിയുടെ പ്രശ്നമാണ് കാണിക്കുന്നത്, അതല്ലെങ്കില്‍ ഫോണിന് മറ്റെന്തെങ്കിലും പ്രശ്നം സംഭവിച്ചു എന്നതിന്‍റെ സൂചനയുമാകാം. എന്തായാലും ഇങ്ങനെ ഫോണ്‍ ചൂടാകുന്നുവെങ്കില്‍ തീര്‍ച്ചയായും അതൊരു കടയില്‍ കാണിച്ച് വേണ്ടവിധത്തില്‍ പരിഹരിക്കുകയോ ഫോണ്‍ മാറ്റുകയോ ചെയ്യുന്നതാണ് ഉചിതം.
നാല്...
ഫോണ്‍ ചാര്‍ജിലിട്ട് അത് കിടക്കുന്നതിന്‍റെ തൊട്ടടുത്തായി വയ്ക്കുന്നവര്‍ ഏറെയാണ്. ഇതിന് സൗകര്യപ്രദമായിട്ടുള്ള രീതിയിലായിരിക്കും സ്വിച്ച് ബോര്‍ഡ് ക്രമീകരിക്കുന്നതും. എന്നാല്‍ ഇങ്ങനെ കിടക്കാൻ നേരം തൊട്ടടുത്ത് ഫോണ്‍ ചാര്‍ജിലിട്ട് വയ്ക്കുന്ന രീതി ഒട്ടും നല്ലതല്ല. ഫോണ്‍ കിടക്കുന്നതിന് അകലെയായിട്ട് വേണം എപ്പോഴും സൂക്ഷിക്കാൻ.
അഞ്ച്...
കുട്ടികളുടെ കൈവശം മൊബൈല്‍ ഫോണ്‍ കൊടുക്കുന്നതില്‍ പ്രത്യേകമായ അപകടസാധ്യത ഒന്നുമില്ല. എങ്കില്‍പോലും ചെറിയ കുട്ടികളുടെ കൈവശം മൊബൈല്‍ ഫോണ്‍ കൊടുത്ത് ദീര്‍ഘസമയം അവരെ ശ്രദ്ധിക്കാതെ ഇരിക്കരുത്. ഫോണ്‍ ചൂടാകുന്നുണ്ടോ, ചാര്‍ജിലാണോ എന്ന് തുടങ്ങി സുരക്ഷ സംബന്ധിച്ച കാര്യങ്ങളെല്ലാം ഇടയ്ക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്.
ആറ്...
ദീര്‍ഘസമയം ഫോണ്‍ ഉപയോഗിക്കുന്നതും അപകടസാധ്യത കൂട്ടാം. അതിനാല്‍ തുടര്‍ച്ചയായി മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിക്കാതിരിക്കുക.
Post a Comment