Join News @ Iritty Whats App Group

പദവി ഇല്ലാതാക്കാം, വീട് ഇല്ലാതാക്കാം, ചോദ്യങ്ങൾ ചോദിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനാകില്ല: രാഹുൽ ​ഗാന്ധി


കൽപ്പറ്റ : തന്റെ പദവിയോ വീടോ ഇല്ലാതാക്കാം, എന്നാൽ ചോദ്യങ്ങൾ ചോദിക്കുന്നത് ഇല്ലാതാക്കാനാകില്ലെന്ന് രാഹുൽ ​ഗാന്ധി. അയോ​ഗ്യനാക്കിയതിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു. സത്യമേവ ജയതേ എന്ന പേരിൽ നടക്കുന്ന സമ്മേളനത്തിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് രാഹുൽ അയോ​ഗ്യനാക്കിയതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ പ്രസം​ഗിച്ചത്. എംപി സ്ഥാനം കേവലം ഒരു സ്ഥാനം മാത്രമാണ്. ഭരണകൂടത്തിന് തന്റെ സ്ഥാനം ഇല്ലാതാക്കാം വീട് ഇല്ലാതാക്കാം എന്നാൽ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാനാകില്ല. ഇന്ത്യയെക്കുറിച്ചുള്ള രണ്ട് കാഴ്ചപ്പാടുകൾ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. തന്നെ ഭയപ്പെടുത്താനാകില്ല എന്ന് ബിജെപിക്ക് മനസിലായിട്ടില്ല. വീട്ടിലേക്ക് പൊലീസിനെ അയച്ചാലോ ഭവന രഹിതനാക്കിയാലോ താൻ അസ്വസ്ഥനാകുമെന്നാണ് ബിജെപി കരുതുന്നത്. വയനാടിന്റെ എംപി സ്ഥാനത്ത് തുടർന്നാലും ഇല്ലെങ്കിലും വയനാടുമായുള്ള തന്റെ ബന്ധത്തിൽ മാറ്റം വരില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. 

ഞാൻ എന്ത് തെറ്റാണ് ചെയ്തത്? ഞാൻ പാ‍ർലമെന്റിലേക്ക് ചെന്നു. അദാനിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചു. ആ ചോദ്യം തുടർച്ചയായി ചോദിച്ചുകൊണ്ടിരുന്നു. ലോകത്തെ സമ്പന്നരുടെ പട്ടികയിൽ അദാനി എങ്ങനെയാണ് രണ്ടാം സ്ഥാനത്തേക്ക് ഉയ‍ർന്നതെന്ന് ‍ഞാൻ ചോദിച്ചു. അദാനിയുമായുളള ബന്ധത്തെക്കുറിച്ച് മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി ചോദ്യങ്ങൾ പാർലമെന്റൽ ചോദിച്ചു. ഇന്ത്യയുടെ വിദേശ നയത്തെ അദാനിക്ക് പ്രയോജനപ്രദമാകും വിധം ദുരുപയോ​ഗം ചെയ്തതിന് കുറിച്ച് ചോദിച്ചു. എന്താണ് അദാനിയുമായി അദ്ദേഹത്തിനുള്ള ബന്ധം എന്ന് ചോദിച്ചു. പ്രധാനമന്ത്രി തന്റെ ചോദ്യത്തിന് മറുപടി തന്നില്ല. കേന്ദ്ര മന്ത്രിമാർ തന്നെ പാർലമെന്റ് നടപടികൾ തടസപ്പെടുത്തി. എം പി സ്ഥാനം പോയാലും ഇല്ലെങ്കിലും താൻ ഇന്ത്യയിലെ ജനങ്ങളുടെയും വയനാട്ടിലെ ജനങ്ങളുടെയും പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടേയിരിക്കും. കേന്ദ്ര സർക്കാർ തനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമാണ് തന്റെ അയോഗ്യത. തന്നെ ആക്രമിക്കും തോറും തന്റെ വഴി ശരിയെന്ന് തിരിച്ചറിയുന്നു. അയോഗ്യത ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂവെന്നും രാഹുൽ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group