തിരുവനന്തപുരം: മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. ഓരോ പള്ളികളിലും ഈദ്ഗാഹുകളിലും ഒരുക്കിയ നിസ്‌കാരത്തിനായി ആയിരങ്ങള്‍ എത്തി. വ്യാഴാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഇത്തവണ റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കി ശനിയാഴ്ച ശവ്വാല്‍ മാസം ആരംഭിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചിരുന്നു.
സന്തോഷത്തിന്റേ തക്ബീര്‍ മന്ത്രങ്ങളോടെയാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്റിനെ വരവേല്‍ക്കുന്നത്. ഇത്തവണ മുപ്പത് ദിവസം പൂര്‍ത്തിയാക്കിയ റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തിയാണ് ചെറിയ പെരുന്നാള്‍. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് പെരുന്നാള്‍ സന്തോഷം വിശ്വാസികള്‍ പങ്കുവയ്ക്കും.
കലണ്ടര്‍ പ്രകാരം വെള്ളിയാഴ്ചയായിരുന്നു ചെറിയ പെരുന്നാള്‍ അവധി. നേരത്തെ വെള്ളിയാഴ്ച പ്രഖ്യാപിച്ച അവധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ചെറിയ പെരുന്നാള്‍ ദിനത്തിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും പെരുന്നാള്‍ ആശംകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. മാനവികതയുടെ ഉല്‍കൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുല്‍ ഫിത്തറും മുന്നോട്ടുവെക്കുന്നതെന്ന് മുഖ്യമന്ത്രി പെരുന്നാള്‍ ആശംസ സന്ദേശത്തില്‍ കുറിച്ചു.
പ്രതിസന്ധികള്‍ മറികടന്ന് സമാധാനവും സമത്വവും പുലരുന്ന ലോകത്തിനായി പരിശ്രമിക്കുന്ന മനുഷ്യര്‍ക്ക് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉള്‍ക്കരുത്ത് ഈദുല്‍ ഫിത്തര്‍ പകരുന്നു. വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജ്ജിച്ച സ്വയം നവീകരണം മുന്‍പോട്ടുള്ള ജീവിതത്തില്‍ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താന്‍ വിശ്വാസികള്‍ക്ക് സാധിക്കണം.
അപ്പോള്‍ മാത്രമേ അതിന്റെ മഹത്വം കൂടുതല്‍ തിളക്കത്തോടെ പ്രകാശിക്കുകയുള്ളൂ. ആ വെളിച്ചം ഈ ലോകത്തെ പ്രകാശപൂര്‍ണ്ണമാക്കട്ടെ. നന്മയും ഒരുമയും പുലരുന്ന ലോകം നമുക്കൊരുമിച്ചു പടുത്തുയര്‍ത്താം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നു- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചെറിയ പെരുന്നാള്‍ ആശംസകള്‍ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തെ കഠിനമായ വ്രതാനുഷ്ഠാനങ്ങള്‍ നിങ്ങളുടെ മനസിനെയും ശരീരത്തേയും കൂടുതല്‍ നവീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്തു. ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണമെന്ന കാരുണ്യത്തിന്റെ ദര്‍ശനം പ്രാവര്‍ത്തികമാക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ. സമാധാനവും സന്തോഷവും സാഹോദര്യവും നിലനിര്‍ത്താനുള്ള പ്രാര്‍ഥനയില്‍ ഞാനും പങ്കാളിയാകുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍- വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസമായിരുന്നു ചെറിയ പെരുന്നാള്‍. മാസപ്പിറവി കാണാത്തതിനാല്‍ ഒമാനില്‍ ഇന്നാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയശേഷമെത്തുന്ന ആദ്യ ചെറിയ പെരുന്നാളാണ് ഗൾഫ് രാജ്യങ്ങൾ ഇത്തവണ ആഘോഷിച്ചത്. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തില്‍ പ്രവാസി മലയാളികളടക്കമുള്ളവര്‍ എത്തിയിരുന്നു.
Post a Comment