Join News @ Iritty Whats App Group

ജയിലുകളിൽ മതസംഘടനകൾക്കുള്ള വിലക്ക് പിന്‍വലിച്ച് ജയില്‍ വകുപ്പ്


തിരുവനന്തപുരം : ജയിലുകളിൽ മതസംഘടനകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. ദുഃഖ വെള്ളിയാഴ്ചയും ഈസ്റ്ററിമെല്ലാം തടവുകാർക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാൻ സംഘടനകൾക്ക് കഴിയും. ജയിലുകളിൽ ആധ്യാത്മിക മത പഠന ക്ലാസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ‍ഉത്തരവ് മണിക്കൂറിനുള്ളിലാണ് ജയിൽ വകുപ്പ് തിരുത്തിയത്. കെസിബിസി അധ്യക്ഷൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് നടപടി. വിശുദ്ധ വാരത്തിൽ വന്ന നിയന്ത്രണം പിൻവലിക്കണം എന്ന് കർദ്ദിനാൾ ക്ലിമ്മിസ് ആവശ്യപ്പെട്ടിരുന്നു.

വിശുദ്ധവാരത്തിലെ പ്രാര്‍ഥനകള്‍ക്കായി സംഘടനകള്‍ ജയില്‍ വകുപ്പിനെ സമീപിച്ചപ്പോഴാണ് അനുമതിയില്ലെന്ന വിവരം ലഭിക്കുന്നത്. വിവാദങ്ങളുയര്‍ന്നതോടെ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുകയായിരുന്നു. ആത്മീയ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞിട്ടില്ലെന്നും തടവുകാര്‍ക്ക് മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കാനാണ് നിര്‍ദേശിച്ചതെന്നും വിശദീകരിച്ച് ബല്‍റാം കുമാര്‍ ഉപാധ്യായ രംഗത്തെത്തി. മതപരമായ പ്രത്യേക ദിവസങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ നിയമപരമായി പരിശോധിച്ച് അനുമതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ എല്ലാ ജയിലുകളിലും മത സംഘടനകൾക്ക് ജയിലുകൾക്ക് അകത്ത് പ്രവേശനം ഉണ്ടായിരുന്നു. ഇവർ തടവുപുള്ളികൾക്ക് ആധ്യാത്മിക ക്ലാസുകൾ നൽകിയിരുന്നു. ഇത്തരം സംഘടനകൾക്ക് പ്രവേശനം നൽകേണ്ടെന്നായിരുന്നു ജയിൽ മേധാവിയുടെ ഉത്തരവ്. ഇതിന് പിന്നിൽ ചില കാരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ എന്താണ് കാരണമെന്ന് വ്യക്തമാക്കിയിരുന്നില്ല.ജയിൽ മേധാവി കൊണ്ടുവന്ന നിയന്ത്രണത്തിനെതിരെ ശക്തമായ എതിർപ്പിനെ തുടർന്നാണ് മാറ്റം വരുത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group