ഇരിട്ടി: ആറുമാസമായി മുടങ്ങിക്കിടക്കുന്ന വേതന കുടിശ്ശിക ആവശ്യപ്പെട്ട് ഫാമിലെ തൊഴിലാളികളും ജീവനക്കാരും ഫാം ഓഫീസിന് മുന്നിൽ റിലേ സത്യാഗ്രഹ സമരം ആരംഭിച്ചു. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്. ഫാമിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും 2022 ഒക്ടോബർ മുതലുള്ള ശമ്പളമാണ് മുടങ്ങിക്കിടക്കുന്നത്. ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയനുകൾ നേരത്തെ സൂചന പണിമുടക്ക് നടത്തുകയും ഫാം മാനേജ്മെന്റിന് കത്ത് നൽകുകയും ചെയ്തിരുന്നു. തുടർന്ന് നടപടികൾ ഒന്നുമില്ലാത്തതിനെത്തുടർന്നാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.
14 തൊഴിലാളികളും ഒരു ജീവനക്കാരനും ആണ് തിങ്കളാഴ്ച സത്യാഗ്രഹം ഇരുന്നത്. ഫാമിലെ എല്ലാ ബ്ലോക്കിൽ നിന്നുമുള്ള തൊഴിലാളികളും ഓഫീസിന് സമീപത്ത് എത്തിയിരുന്നു. സമരം ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. എഐടിയുസി നേതാവ് കെ. ടി. ജോസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ. കെ. ജനാർദ്ദനൻ, അരവിന്ദൻ അക്കാനിശ്ശേരി, രാമചന്ദ്രൻ, ആൻറണി ജേക്കബ് എന്നിവർ സംസാരിച്ചു.
ഫാമിലെ സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരും ഉൾപ്പെടെ 380 പേർക്കാണ് ആറുമാസമായി ശമ്പളം ലഭിക്കാത്തത്. ഇതിൽ 274 പേർ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. സ്ഥിരം തൊഴിലാളികളിൽ 94 പേരും തൽക്കാലിക തൊഴിലാളികളിൽ 177 പേരും പഴയകാല തൊഴിലാളികളിൽ മൂന്ന് പേരും ആദിവാസി മേഖലയിൽ നിന്നുള്ളവരാണ്. 18 ജീവനക്കാരും 352 തൊഴിലാളികളുമാണ് ഫാമിൽ ഉള്ളത്.
Post a Comment