ആലപ്പുഴ: കിടപ്പുരോഗിയായ വയോധികയെ വെട്ടി പരിക്കേല്‍പ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. കുറ്റിച്ചിറ വീട്ടില്‍ മേഴ്‌സി(58)യാണ് അറസ്റ്റിലായത്. ചമ്പക്കുളം പുന്നക്കുന്നത്തുശ്ശേരി ചാലുമാട്ടുതറ വീട്ടില്‍ അമ്മിണി ഗോപി(67)യെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. സംഭവത്തിൽ പ്രതിയെ പുളിങ്കുന്ന് പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
വീട്ടിൽ അമ്മിണി ഒറ്റയ്ക്കുണ്ടായ സമയത്ത് മേഴ്‌സി അവിടെയുണ്ടായിരുന്ന മാല, മൂന്നു വളകള്‍, കമ്മല്‍ എന്നീ ആഭരണങ്ങള്‍ കവരുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് വയോധികയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ശേഷം ആഭരണങ്ങളുമായി കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അമ്മിണിയുടെ തലയിലും മുഖത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് വെട്ടേറ്റത്.
സാമ്പത്തിക ബാധ്യതയാണ് മോഷണത്തിനു പ്രേരിപ്പിച്ചതെന്ന് മേഴ്സി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. സംഭവ സമയത്ത് മേഴ്സിക്കൊപ്പം മറ്റൊരാള്‍കൂടി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. പരിക്കേറ്റ് കിടന്ന അമ്മിണിയെ അയല്‍വാസികള്‍ ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കിടപ്പുരോഗിയായ അമ്മിണിക്ക് സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്.
Post a Comment