കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം.
ഇതിനിടയിൽ, അക്രമിയുടേതെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കാട്ടിലപ്പീടികയിലെ ഒരു പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്.ചുവപ്പ് കള്ളി ഷർട്ടും കറുത്ത പാന്റ്സും ധരിച്ചു നിൽക്കുന്ന യുവാവ് ഫോണിൽ സംസാരിക്കുന്നതും ഒരു സ്കൂട്ടറിൽ കയറി പോകുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കും. ഉത്തര മേഖല ഐജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. ആക്രമണത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷണത്തിനു ശേഷമേ പറയാനാകൂവെന്നും ഡിജിപി വ്യക്തമാക്കി.
എലത്തൂർ റെയിൽവേ സ്റ്റേഷൻ സമീപം ട്രാക്കിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബാഗും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ ഇംഗ്ലീഷിലും ഹിന്ദിയലുമുള്ള കുറിപ്പുകൾ അടങ്ങിയ ബുക്കും അരക്കുപ്പി പെട്രോൾ, മൊബൈൽ ഫോൺ, ചാർജർ വസ്ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ, ടിഫിൻ ബോക്സുമാണ് പുറത്തെടുത്തത്.
Post a Comment