ന്യൂഡല്‍ഹി : ഇന്ത്യന്‍ നിര്‍മിത മരുന്നുകള്‍ കഴിച്ച് വിവിധ രാജ്യങ്ങളില്‍ മരണവും ഗുരുതരരോഗങ്ങളും ഉണ്ടായതായി അടുത്തിടെ നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ നിര്‍മിത ചുമമരുന്നിന്‍മേല്‍ കൂടി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലോകാരോഗ്യസംഘടന.മാര്‍ഷല്‍ ഐലന്‍ഡ്‌സിലും മൈക്രോനേഷ്യയിലും വിതരണം ചെയ്ത കഫ് സിറപ്പുകളാണ് ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയത്.
ഗാംബിയയിലും ഉസ്ബെക്കിസ്താനിലും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ ചുമയ്ക്കുള്ള സിറപ്പുകളും ഇന്ത്യയില്‍ നിര്‍മിച്ചതായിരുന്നു. ഇന്ത്യന്‍ നിർമ്മിത മരുന്ന് കഴിച്ച് ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ചതിന്ന് പിന്നാലെ പുതിയ നിര്‍ദ്ദേശവുമായി ലോകാരോഗ്യസംഘടന. നോയിഡ കേന്ദ്രമായ മാരിയോണ്‍ ബയോടെക് ഉല്‍പാദിപ്പിക്കുന്ന രണ്ട് മരുന്നുകള്‍ ഉസ്ബെക്കിസ്ഥാനിലെ കുട്ടികള്‍ ഉപയോഗിക്കരുതെന്നാണ് ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നത്.
പഞ്ചാബ് ആസ്ഥാനമായുള്ള ക്യു.പി ഫാര്‍മാകെം ലിമിറ്റഡിന്റെ ഗ്വിഫെനെസിന്‍ ടിജി സിറപ്പ് എന്ന കഫ്‌സിറപ്പിനെതിരെയാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. പ്രസ്തുത മരുന്നില്‍ അനിയന്ത്രിതമായ അളവില്‍ ഈതലീന്‍ ഗ്ലൈക്കോളിന്റെയും ഡയാതൈലീന്‍ ഗ്ലൈക്കോളിന്റെയും സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഇരു ഘടകങ്ങളും വിഷമയമാര്‍ന്നതും മനുഷ്യ ശരീരത്തിലെത്തുന്നതു വഴി മരണകാരണമായേക്കാവുന്നതും ആണെന്ന് വിദഗ്ധര്‍ പറയുന്നു.ഓസ്‌ട്രേലിയയിലെ ഡ്രഗ് റെഗുലേറ്ററി ഏജന്‍സിയായ തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷനില്‍ നടത്തിയ പരിശോധനയിലാണ് ഗ്വിഫെനെസിന്‍ ടിജി സിറപ്പ് നിലവാരം പുലര്‍ത്തിയിട്ടില്ലെന്ന് കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രിലിയം ഫാര്‍മയാണ് സിറപ്പ് മാര്‍ക്കറ്റ് ചെയ്തിരിക്കുന്നത്.മരുന്ന് നിര്‍മാണ കമ്പനിയോ മാര്‍ക്കറ്റ് ചെയ്യുന്ന കമ്പനിയോ മരുന്നിന്റെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് ലോകാരോഗ്യസംഘടനയ്ക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്.അതിനിടെ ഇന്ത്യൻ സർക്കാരിനെ അപകീർത്തിപ്പെടാൻ സിറപ്പിൽ ആരോ മായം കലർത്തിയതാണെന്ന് ക്യു.പി ഫാർമാകെം ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സുധീർ പഥക് പറഞ്ഞു.......
Post a Comment