കൊച്ചി: സിറോ മലബാർ സഭാ മേധാവി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ബിജെപി അനുകൂല പ്രസ്താവനകൾ തെറ്റായ സന്ദേശം നൽകുമെന്ന് ഫാദർ പോൾ തേലക്കാട്ട്. മതമേലധ്യക്ഷന്മാർ ഒരു രാഷ്ട്രീയ പാർട്ടിയെ പുകഴ്ത്താനോ ഇകഴ്ത്താനോ പാടില്ല. പ്രത്യയശാസ്ത്രം തിരുത്താത്ത ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പോൾ തേലക്കാട്ട് പറഞ്ഞു. മീഡിയ വണിനോട് ആയിരുന്നു പോൾ തേലക്കാട്ടിന്റെ പ്രതികരണം. രാജ്യത്തെ ബിജെപി ഭരണത്തിൽ ക്രൈസ്തവ വിഭാഗത്തിന് യാതൊരു അരക്ഷിതാവസ്ഥയുമില്ലെന്നായിരുന്നു ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന. ഒരുപക്ഷേ കേരളത്തിലെ ക്രെെസ്തവരെ സംബന്ധിച്ചായിരിക്കാം അദ്ദേഹം അത് പറഞ്ഞത്. എന്നാൽ ഈയിടക്ക് കർണാടകത്തിലെ ഒരു മന്ത്രി പറഞ്ഞത് ക്രെെസ്തവരെ അടിച്ചോടിക്കണമെന്നാണ്. അതൊക്കെ കേരളത്തിന് പുറത്ത് ഉത്തർപ്രദേശിലും ഗുജറാത്തിലുമൊക്കെ ധാരാളം നടക്കുന്നുമുണ്ട്. കേരളത്തിലെ സാഹചര്യം നോക്കി മാത്രം അത്തരത്തിൽ നിലപാട് എടുക്കുന്നത് ശരിയല്ലെന്നും പോൾ തേലക്കാട്ട് പറഞ്ഞു.
'ക്രൈസ്തവർ കേരളത്തിൽ അരക്ഷിതരല്ലാത്തതിന് കാരണം കേരളം ഒരു സെക്യുലർ സ്റ്റേറ്റ് ആണ് എന്നതാണ്. അതാര് ശ്രമിച്ചാലും അങ്ങനെയല്ലാതാകും എന്ന് തോന്നുന്നില്ല. മതമേലാധക്ഷ്യന്മാർ കക്ഷി രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുന്നതാണ് ഉചിതം. ഒരു രാഷ്ട്രീയ പാർട്ടിയെ പുകഴ്ത്താനോ ഇകഴ്ത്താനോ പാടില്ലെന്നാണ് അഭിപ്രായം. വ്യക്തിതാല്പര്യങ്ങൾ ഉണ്ടാവാം. എന്നാൽ ദൈവത്തിന്റെ അധികാരത്തിന്റെ മേൽ ഇരിക്കുമ്പോൾ പാലിക്കേണ്ട ഒരു മാനവികതയുണ്ട്. ആ മാനവികത എല്ലാവരെയും ഉൾക്കൊള്ളുന്നതാവണം. ആരെയും അകറ്റുന്നതോ അകൽച്ചക്ക് കാരണമാവുന്നതോ ആയ പ്രസ്താവനകൾ ഉപേക്ഷിക്കണം,' അദ്ദേഹം കൂട്ടിച്ചേർത്തു.
Post a Comment