Join News @ Iritty Whats App Group

ഓപ്പറേഷൻ കാവേരി: ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ സംസ്ഥാന സര്‍ക്കാരിന്‍റെ ചിലവില്‍ കേരളത്തിലേക്ക് എത്തിക്കും




ദില്ലി: ഓപ്പറേഷൻ കാവേരിയിലൂടെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ സംസ്ഥാന സര്‍ക്കാരിന്‍റെ ചിലവില്‍ കേരളത്തിലേക്ക് എത്തിക്കും. ദില്ലിയിലും മുംബൈയിലും എത്തിക്കുന്ന മലയാളികൾക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് സർക്കാർ നൽകും. ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയിലും മുംബൈയിലും ഹോട്ടൽ മുറികളും തയ്യാറാണ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നും കെ വി തോമസ് അറിയിച്ചു. 

സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിട്ടുണ്ട്. നേവിയുടെ ഐന്‍എസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍റെ നേതൃത്വത്തില്‍ ജിദ്ദ തുറമുഖത്ത് ഇന്ത്യക്കാരെ സ്വീകരിച്ചു. മലയാലികളടക്കം സംഘത്തിലുണ്ട്.

സൗദി സമയം രാത്രി പതിനൊന്ന് മണിയോടെയാണ് 278 ഇന്ത്യക്കാരുമായി നാവികസേനയുടെ ഐഎന്‍എസ് സുമേധ ജിദ്ദ തുറമുഖത്ത് അടുത്തത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനൊപ്പം സൗദി വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യക്കാരെ സ്വീകരിക്കാനെത്തിയിരുന്നു. സുഡാനില്‍ നിന്ന് രക്ഷപെട്ടെത്തിയവര്‍ കയ്യടികളോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി രേഖപ്പെടുത്തിയത്. ഐഎന്‍എസ് സുമേധയ്ക്ക് പിന്നാലെ ഇന്ത്യന്‍ വ്യോമസേനയുടെ സി 130 വിമാനം ഉപയോഗിച്ചും പോര്‍ട്ട് സുഡാനില്‍ നിന്ന് കൂടുതൽ ഇന്ത്യക്കാരെ ജിദ്ദയിലേക്ക് എത്തിച്ചു. ജിദ്ദയിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സ്കൂളിലെത്തി സൗകര്യങ്ങൾ വിലയിരുത്തി. ജിദ്ദയില്‍ നിന്ന് എത്രയും വേഗം ഇവരെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group