Join News @ Iritty Whats App Group

'ഗോമൂത്രത്തില്‍ മാരക ബാക്ടീരിയകള്‍'; കണ്ടെത്തലുമായി യുപിയിലെ വെറ്റിറനറി സ്ഥാപനം

ബറേലി: ഗോമൂത്രത്തില്‍ മാരക ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നും കുടിക്കുന്നതിലൂടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും പഠനറിപ്പോര്‍ട്ട്. ഇ കോളി സാന്നിധ്യമുള്ള 14 തരം ബാക്ടീരിയകളാണ് പശുവിന്റെ മൂത്രത്തില്‍ അടങ്ങിയിട്ടുള്ളത്. ഗോമൂത്രം മനുഷ്യന്‍ നേരിട്ട് കുടിച്ചാല്‍ ഉദരസംബന്ധമായ ഗുരുതരഅസുഖങ്ങള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്റിറനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭോജ് രാജ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പശുവിന്റെ മൂത്രം ബാക്ടീരിയ മുക്തമാണെന്ന ധാരണ അടിസ്ഥാനരഹിതമാണ്. മനുഷ്യന് ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കുന്നത് അല്ല ഗോമൂത്രം. മനുഷ്യഉപഭോഗത്തിന് ഒരിക്കലും ശുപാര്‍ശ ചെയ്യാന്‍ സാധിക്കില്ലെന്നും പഠനസംഘം വ്യക്തമാക്കി. ശുദ്ധീകരിച്ച ഗോമൂത്രത്തില്‍ ബാക്ടീരിയ ഇല്ലെന്ന വാദത്തില്‍ കൂടുതല്‍ പഠനം നടത്തുമെന്നും ഭോജ് രാജ് പറഞ്ഞു. ബാക്ടീരിയക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ പോത്തിന്റെ മൂത്രം ഫലപ്രദമാണെന്നും സംഘം പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

2022 ജൂണ്‍ മുതല്‍ നവംബര്‍ വരെ പ്രാദേശിക ഡയറി ഫാമുകളിലെ മൂന്ന് ഇനം പശുകളില്‍ നിന്ന് ശേഖരിച്ച മൂത്രത്തിന്റെ സാമ്പിളുകളാണ് പഠനത്തിന് വിധേയമാക്കിയത്. സഹിവാള്‍, തര്‍പാര്‍ക്കര്‍, വിന്ദവാനി ഇനങ്ങളുടെ മൂത്രമാണ് പരിശോധിച്ചത്. 

രാജ്യത്ത് വിവിധയിടങ്ങളില്‍ ഗോമൂത്രം കുടിക്കുന്നവരും വില്‍ക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ഭക്ഷ്യസുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് വില്‍പ്പനകള്‍ നടത്തുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group