Join News @ Iritty Whats App Group

താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ പതിനൊന്നാം ദിവസം കർണാടകയിൽ നിന്ന് കണ്ടെത്തി


കോഴിക്കോട്: പത്തുദിവസം മുൻപ് താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ കർണാടകയിൽ നിന്ന് കണ്ടെത്തി. ബെംഗളൂരുവിൽനിന്നാണ് ഷാഫിയെ കണ്ടെത്തിയത്. വടകരയിലെ റൂറൽ ആസ്ഥാനത്തെത്തിച്ച ശേഷമായിരിക്കും ഷാഫിയെ താമരശ്ശേരിയിലേക്ക് കൊണ്ടുവരുന്നത്. നിലവിൽ അന്വേഷണ സംഘം കർണാടകയിലുണ്ട്.

ഏപ്രിൽ ഏഴിനാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയി പതിനൊന്നാം ദിവസമാണ് കണ്ടെത്തിയത്. ക്വട്ടേഷൻ സംഘത്തിന്റെ ആവശ്യപ്രകാരം ഷാഫി പണം നൽകിയതായാണ് വിവരം. ഇതേ തുടർന്ന്, ക്വട്ടേഷൻ സംഘം മോചിപ്പിക്കുകയായിരുന്നു. ഷാഫിക്കൊപ്പമുണ്ടായിരുന്ന ഭാര്യയെ അന്നുരാത്രി റോഡിൽ ഇറക്കിവിട്ടിരുന്നു.

രാത്രി ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘമാണ് ഷാഫിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയത്. ആരാണ് തട്ടിക്കൊണ്ടുപോയത് എന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഷാഫിയുടെ ഫോൺ കരിപ്പൂരിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറും കണ്ടെത്തിയിരുന്നു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മൂന്ന് കർണാടക സ്വദേശികളടക്കം നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാൾ കാസർഗോഡ് സ്വദേശിയാണ്.

അന്വേഷണം നടക്കുന്നതിനിടെ ഷാഫിയുടെ വിഡിയോ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. സ്വർണക്കടത്തു സംഘമാണു സംഭവത്തിനു പിന്നിലെന്നും, സൗദി രാജകുടുംബത്തിൽ നിന്നു കവർച്ച ചെയ്ത 325 കിലോ സ്വർണത്തിന്റെ വിലയായ 80 കോടി രൂപയിൽ സംഘത്തിന്റെ വിഹിതമായ 20 കോടി ആവശ്യപ്പെട്ടാണു തന്നെ തട്ടിക്കൊണ്ടു പോയതെന്നും വിഡിയോയിൽ വ്യക്തമാക്കിയ ഷാഫി, എല്ലാറ്റിനും പിന്നിൽ സഹോദരൻ നൗഫൽ ആണെന്നും ആരോപിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group