Join News @ Iritty Whats App Group

സർക്കാരിന്റെ വിഷുക്കൈനീട്ടം; രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച് നൽകും

തിരുവനന്തപുരം: വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപ ഒരുമിച്ച് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേർക്കുള്ള വിഷുക്കൈനീട്ടമാണ് ഇതെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 1871 കോടി രൂപ അനുവദിച്ചു. ഏപ്രിൽ പത്ത് മുതൽ തുക വിതരണം ചെയ്യും.

കേന്ദ്രസർക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനത്തിന്റെ ഭാഗമായി സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഘട്ടത്തിലും വർഷാന്ത്യ ചെലവുകൾക്കായി 22,000 കോടി രൂപ മാർച്ച് മാസത്തിൽ മാത്രം അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞതായി ധനമന്ത്രി പറഞ്ഞു.

ട്രഷറി അടച്ചുപൂട്ടുമെന്നും സംസ്ഥാനം ഓവർഡ്രാഫ്റ്റിലേക്ക് പോകുമെന്നും ശമ്പളവും പെൻഷനും ക്ഷേമ പെൻഷനുമുൾപ്പെടെ മുടങ്ങാൻ പോകുന്നു എന്നും പ്രചരിപ്പിച്ച ആളുകളെ നിരാശപ്പെടുത്തി കൊണ്ടാണ് ജനങ്ങളുടെ പിന്തുണയോടുകൂടി സർക്കാർ മുന്നോട്ടുപോകുന്നത്.

സംസ്ഥാനത്തെ പലവിധത്തിൽ ബുദ്ധിമുട്ടിക്കാൻ കേന്ദ്രസർക്കാർ പരിശ്രമിക്കുമ്പോൾ മികച്ച ധന മാനേജ്മെന്റിലൂടെയും തനത് വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചും സംസ്ഥാനം അതിനെ നേരിടുകയാണെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group