കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപി വിട്ടു. അദ്ദേഹം എംഎൽഎ സ്ഥാനം നാളെ രാജിവയ്ക്കുമെന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സീറ്റ് തർക്കമാണ് ഷെട്ടാർ ബിജെപിയുമായി അകലാൻ കാരണമായത്. പാർട്ടി നേതൃത്വം ഇടപെട്ടുള്ള സമവായ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ഇപ്പോൾ ഷെട്ടാർ രാജി സമർപ്പിച്ചിരിക്കുന്നത്. (Karnataka CM Jagadish Shettar quit BJP)
ലക്ഷ്മൺ സവദി രാജിവച്ച് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് കർണാടക ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഷെട്ടാറും പാർട്ടി വിടുന്നത്. ഷെട്ടാറിനെ പാർട്ടിയിൽ തന്നെ നിലനിർത്തുന്നതിന് ബിജെപി നേതാക്കൾ ഇന്ന് രാത്രി വൈകിയും മാരത്തോൺ ചർച്ചകൾ നടത്തിയിരുന്നു. നാളെ തന്നെ ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടേക്കുമെന്നും സൂചനയുണ്ട്. ഒരു കാരണവശാലും താൻ മത്സരിക്കാതിരിക്കില്ല എന്ന നിലപാട് ഷെട്ടാർ പാർട്ടി നേതാക്കളോട് വ്യക്തമാക്കുകയായിരുന്നു.
ബിജെപി തന്നെ അപമാനിച്ചുവെന്ന് വ്യക്തമാക്കിയാണ് ഷെട്ടാർ പാർട്ടി വിടുന്നത്. താൻ ആരാണെന്ന് മനസിലാക്കാൻ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല. അതിനാലാണ് രാജിയെന്നും ജഗദീഷ് ഷെട്ടാർ രാജിയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ഷെട്ടാർ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് വിവരം.
Post a Comment