Join News @ Iritty Whats App Group

പൂജയുടെ ഭാഗമായി സ്വന്തമായി നിര്‍മ്മിച്ച ഗില്ലറ്റിനില്‍ സ്വന്തം ശിരസുകള്‍ ഛേദിച്ച് ദമ്പതികള്‍


ദില്ലി: ആഭിചാര ക്രിയയുടെ ഭാഗമായി യന്ത്രമുപയോഗിച്ച് ശിരസ് ഛേദിച്ച് ദമ്പതികള്‍. ഗുജറാത്തിലെ രാജ് കോട്ട് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബലിയുടെ ഭാഗമായി ശിരസ് ഛേദിക്കുന്നതിനായി ഗില്ലറ്റിന് സമാനമായ യന്ത്രം നിര്‍മ്മിച്ചായിരുന്നു ദമ്പതികളുടെ ആത്മഹത്യ. വിഞ്ചിയ ഗ്രാമത്തിലെ തോട്ടത്തിലെ കുടിലില്‍ വച്ചായിരുന്നു ആഭിചാരകര്‍മ്മം നടന്നത്. 38 വയസുകാരനായ ഹേമുഭായ് മാക്വാന ഭാര്യയുെ 35കാരിയുമായ ഹന്‍സാ ബെന്‍ എന്നിവരാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

പീഠം തയ്യാറാക്കി അതില്‍ അഗ്നികുണ്ഠമൊരുക്കി വിളക്കുകള്‍ കൊളുത്തി വച്ച ശേഷം ഈ പീഠത്തിലേക്ക് ശിരസ് അറ്റുവീഴുന്ന രീതിയിലായിരുന്നു യന്ത്രം തയ്യാറാക്കിയത്. കയ്യില്‍ പിടിച്ചിരുന്ന കയറുകൊണ്ടായിരുന്നു യന്ത്രത്തിലെ അറക്കവാള്‍ നിയന്ത്രിച്ചിരുന്നത്. കയര്‍ വിട്ടതോടെ അറക്കവാള്‍ ഇവരുടെ കഴുത്തിലേക്ക് വീഴുകയായിരുന്നു. പീഠത്തില്‍ തയ്യാറാക്കി വച്ചിരുന്ന അഗ്നി കുണ്ഠത്തിലേക്ക് വീണ നിലയിലാണ് ഇവരുടെ ശിരസുകള്‍ പൊലീസ് കണ്ടെത്തിയത്. ദമ്പതികള്‍ തന്നെയാണ് പ്രത്യേക രീതിയിലുള്ള അറക്കവാളും അഗ്നികുണ്ഠവും തയ്യാറാക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

വീട്ടുകാരെ അഭിസംബോധന ചെയ്തുള്ള ഇവരുടെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളേയും മാതാപിതാക്കളേയും സംരക്ഷിക്കണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ഈ കുറിപ്പ്. രണ്ട് കുട്ടികളുള്ള ദമ്പതികള്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലായിരുന്നു ബലി നടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

വീടിന് അടുത്ത് തയ്യാറാക്കിയ കുടിലിലായിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ദമ്പതികള്‍ എല്ലാ ദിവസവും ഈ കുടിലിലെത്തി പ്രാര്‍ത്ഥിച്ചിരുന്നതായാണ് ബന്ധുക്കള്‍ വിശദമാക്കുന്നത്. ഇവരുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. ദമ്പതികള്‍ ആത്മഹത്യ ചെയ്യാനായി മറ്റ് കാര്യങ്ങളുണ്ടോയെന്നതിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group