മാവേലിക്കര: കിണറ്റില്‍ വീണ രണ്ട് വയസുകാരനെ എട്ട് വയസുകാരി സഹോദരി സാഹസികമായി രക്ഷപ്പെടുത്തി. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന സനലിന്റെയും ഷാജിലയുടെയും മകന്‍ ഇവാനിനെ മൂത്ത സഹോദരി ദിയ ആണ് രക്ഷിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം.
ദിയയും അനുജത്തി ദുനിയയും മുറ്റത്ത് കളിക്കുകയായിരുന്നു. ഇതിനിടെ എല്ലാവരുടേയും കണ്ണ് വെട്ടിച്ച് കിണറിന്റെ ഭാഗത്തേക്ക് പോയ ഇവാന്‍ ഇരുമ്പുമറയുള്ള കിണറിന്റെ പൈപ്പില്‍ ചവിട്ടി മുകളിലേക്ക് കയറുകയും തുരുമ്പിച്ച ഇരുമ്പുമറയുടെ നടുഭാഗം തകര്‍ന്ന് 20 അടിയോളം താഴ്ചയിലേക്ക് വീഴുകയുമായിരുന്നു. നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ ദിയ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി ഇവാനെ ഉയര്‍ത്തി പൈപ്പില്‍ തന്നെ തൂങ്ങി കിടക്കുകയായിരുന്നു.
വിവരം അറിഞ്ഞ് ഓടിയെത്തിയ പ്രദേശവാസികള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി ആദ്യം ഇവാനിനെ മുകളിലെത്തിച്ചു. കിണറ്റിലേക്കിട്ട കയറില്‍ തൂങ്ങിപ്പിടിച്ചു ദിയയും കയറി. തലയില്‍ ചെറിയ മുറിവേറ്റ ഇവാനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. വെട്ടിയാര്‍ ഇരട്ടപ്പള്ളിക്കൂടം സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദിയ.
Post a Comment