Join News @ Iritty Whats App Group

കണ്ണൂർ വി സി പുനർ നിയമനം: ചട്ടപ്രകാരമെന്ന് സർക്കാർ, അല്ലെന്ന് ഗവർണർ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം


ദില്ലി: കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലർ സ്ഥാനത്ത് ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചട്ടപ്രകാരമാണെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം കണ്ണൂർ സർവകലാശാലയുടെ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇതിൽ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ചട്ടപ്രകാരമല്ലെന്നാണ് വാദിക്കുന്നത്.

കണ്ണൂർ സർവകലാശാല വിസിക്ക് പുനർനിയമനം നൽകിയതിലൂടെ സർവകലാശാല ചാൻസലറുടെ അധികാരം കവർന്നെന്ന വാദം തെറ്റാണെന്ന് സർക്കാർ പറയുന്നു. സംസ്ഥാന സർക്കാരിനെ അനുകൂലിച്ച നിലപാടിന് കിട്ടിയ പ്രതിഫലമെന്ന വാദം തെറ്റാണ്. പുനർനിയമനത്തിനുള്ള എല്ലാ അർഹതയും ഗോപിനാഥ് രവീന്ദ്രനുണ്ടെന്നും സർക്കാർ പറയുന്നു. അതേസമയം യുജിസി ചട്ടങ്ങൾ പ്രകാരമല്ല വി സി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതെന്നാണ് ഗവർണർ കുറ്റപ്പെടുത്തുന്നത്.

തന്റെ നിയമനം നിയമവിധേയമാണെന്ന് വ്യക്തമാക്കി ഗോപിനാഥ് രവീന്ദ്രൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. യു ജി സി ചട്ടം പാലിച്ചാണ് ആദ്യം തന്നെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസിലറായി നിയമിച്ചത്. പുനർ നിയമനത്തിന് വീണ്ടും അതേ നടപടികൾ പാലിക്കേണ്ടതില്ല. പ്രായപരിധി പുനർ നിയമനത്തിന് ബാധകമല്ല. ഒരു തവണ വിസിയായതിനാൽ തനിക്ക് പുനർ നിയമനത്തിന് യോഗ്യതയുണ്ടെന്നും ഡോ.ഗോപിനാഥ് രവീന്ദ്രൻ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. ഹർജിയിൽ ഗവർണർക്ക് വേണ്ടി അഭിഭാഷകൻ വെങ്കിട്ട് സുബ്രഹ്മണ്യം വക്കാലത്ത് സമർപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group