ന്യൂഡല്‍ഹി: അനാവശ്യ പരസ്യ ഫോണ്‍ കോളുകളും എസ്എംഎസുകളും തടയാനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി യുസിസി(അണ്‍സോളിസൈറ്റഡ് കൊമേഷ്യല്‍ കമ്മ്യൂണിക്കേഷന്‍) ഡിറ്റക്റ്റ് സിസ്റ്റം നടപ്പിലാക്കുന്നതിന് ടെലികോം കമ്പനികള്‍ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) നല്‍കിയ സമയപരിധി മെയ് ഒന്നിന് അവസാനിക്കും. അനാവശ്യ ആശയവിനിമയങ്ങള്‍ തടയാനുളള എഐ അധിഷ്ഠിത സ്പാം ഫില്‍റ്റര്‍ സജ്ജമാക്കണമെന്നാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഭാരതി എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ - ഐഡിയ എന്നീ ടെലികോം കമ്പനികള്‍ പരീക്ഷണം പൂര്‍ത്തിയാക്കിയതായാണ് വിവരം. അതേസമയം, എന്ന് മുതല്‍ ഇത് നടപ്പാക്കാനാകുമെന്ന് കമ്പനികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ ആഴ്ച തന്നെ സംവിധാനം പൂര്‍ണ തോതില്‍ നടപ്പാക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന അനാവശ്യ ഫോണ്‍കോളുകള്‍ നിയന്ത്രിക്കാനും ഇതുവഴിയുള്ള തട്ടിപ്പുകള്‍ക്ക് ഒരുപരിധിവരെ തടയിടാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
ഉപഭോക്താക്കളുടെ ഫോണിലേക്ക് വരുന്ന ഫോണ്‍ കോളുകള്‍ ആരുടേതെന്ന് അറിയാനാകുംവിധം പേരും ചിത്രവും (കോളര്‍ ഐ ഡി) മൊബൈല്‍ സ്‌ക്രീനില്‍ ലഭ്യമാക്കുന്നതാണ് അതോറിറ്റിയുടെ പരിഗണനയിലുള്ള മറ്റൊരു നടപടി. അപരിചിത നമ്പരില്‍ നിന്ന് വരുന്ന ഫോണ്‍ കോളുകളിലൂടെ നിരവധി പേര്‍ തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. എന്നാല്‍, സ്വകാര്യത ലംഘിക്കപ്പെടുന്ന ആരോപണവും ഇതിനൊപ്പം ഉയരുന്നുണ്ട്.
Post a Comment