ഇരിട്ടി: കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതം അതിടുന്ന ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോവാദി ഭീഷണി ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉന്നതസംഘം മേഖലയിലെത്തി സുരക്ഷാ വിലയിരുത്തി. കഴിഞ്ഞദിവസം ആറളത്തെ വിയറ്റ്നാമിൽ എത്തിയ മാവോയിസ്റ്റ് സംഘത്തിൽ നിന്നാണ് ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിക്ക് ഭീഷണി ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. ഇതിനെ തുടർന്നാണ് ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിമാരായ വിനോദ് കുമാർ, ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ ആൻറി നക്സൽ ഫോഴ്സ് ഉൾപ്പെട്ട സംഘം ബാരാപ്പോളിലെത്തി മേഖലയിലെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയത്.
പദ്ധതിയുടെ ട്രഞ്ച് ബിയർ സൈറ്റിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലെന്നിരിക്കെ ഈ മേഖലയിൽ ആളുകൾ വ്യാപകമായി എത്തുന്നുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ നിരോധനം കർശനമാക്കാനും, നിരീക്ഷണ ക്യാമറ സ്ഥാപിക്കാനും, പോലീസ് നിർദ്ദേശിച്ചു. പദ്ധതി പ്രദേശത്തേക്ക് പൊതുജനങ്ങൾ ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാനും ട്രഞ്ച് വിയർ, നാല് കിലോമീറ്ററോളം വരുന്ന തുറന്നുകിടക്കുന്ന കനാൽ പരിസരങ്ങൾ, ഫോർബേ ടാങ്ക്, പവർഹൗസ് എന്നീ അതീവ സുരക്ഷാ മേഖലകളിൽ സുരക്ഷാ വേലി സ്ഥാപിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വഴിവിളക്കുകൾ പ്രവർത്തിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ആറളം പഞ്ചായത്തുകളിലെ പല ഭാഗങ്ങളിലും മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം ആറളം വിയറ്റ്നാമിൽ എത്തിയ മാവോയിസ്റ്റ് സംഘം ഇവിടത്തെ ഒരു വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു. ഒരു മാസം മുൻപ് വിയറ്റ്നാമിൽ സംഘമെത്തി പ്രദേശവാസികളിൽ നിന്ന് ഭക്ഷണസാധനങ്ങളും ശേഖരിച്ചിരുന്നു. വിയറ്റ്നാം ഉരുപ്പുംകുറ്റി, ആറളം ഫാം മേഖലകളിൽ ഇവരുടെ സാന്നിധ്യം കൂടി വരുന്നത് അതീവ ശ്രദ്ധയോടെയാണ് പോലീസ് നിരീക്ഷിക്കുന്നത്. ഇതിൻറെ ഭാഗമായി ലഭിച്ച ചില മൊഴികളുടെ അടിസ്ഥാനത്തിലാണ് ബാരാപോളിന് ഭീഷണിയുണ്ടെന്ന് വിവരം പോലീസിന് ലഭിച്ചത്. സുരക്ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പരിശോധനയെന്ന് ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ പറഞ്ഞു.
Post a Comment