Join News @ Iritty Whats App Group

ഗുരുവായൂർ അമ്പലത്തിൽ ഇനി രാപകൽ കല്യാണമേളം; രാത്രി വിവാഹങ്ങള്‍ക്ക് ദേവസ്വം അനുമതി


കേരളത്തിൽ ഏറ്റവും കൂടുതൽ ഹൈന്ദവ വിവാഹങ്ങൾ നടക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി രാത്രിയും വിവാഹങ്ങൾ നടത്താം. ക്ഷേത്രത്തിന് കിഴക്കേനടയിലെ കല്യാണമണ്ഡപങ്ങളിൽ രാത്രിയും വിവാഹങ്ങൾ നടത്താൻ ദേവസ്വം ഭരണസമിതിയോഗം അനുമതി നൽകി.

പുലർച്ചെ 5 മുതൽ ഉച്ചപ്പൂജ കഴിഞ്ഞ് നട അടയ്ക്കുന്ന ഉച്ചതിരിഞ്ഞ് 1.30 വരെയാണ് ക്ഷേത്രത്തിൽ പൊതുവെ വിവാഹങ്ങൾ നടക്കുന്നത്. ഇതിനു ശേഷം വിവാഹം പതിവില്ല. എന്നാൽ ഇനി മുതൽ രാത്രി കാലങ്ങളിലും വിവാഹം നടത്താം.രാത്രി 9 മണിയോടെ ശീവേലിക്ക് പുറത്ത് എഴുന്നെള്ളിക്കുന്നതു വരെയാണ് നട തുറന്നിരിക്കുക. എന്നാൽ വിവാഹങ്ങൾ എത്ര സമയം വരെ ആകാമെന്ന കാര്യം തീരുമാനിച്ചിട്ടില്ല. നിലവിൽ മൂന്ന് കല്യാണമണ്ഡപങ്ങളാണ് കിഴക്കേ നടയിൽ ഉള്ളത്.ഇതിനു പുറമെ ഒന്ന് കൂടി ഉടൻ വരും. തിരക്ക് കൂടുമ്പോൾ ഉപയോഗിക്കാൻ രണ്ട് താൽക്കാലിക മണ്ഡപങ്ങളും നിലവിൽ ഉണ്ട്.

ഒരു വർഷം 7000 ത്തോളം വിവാഹങ്ങൾ ഗുരുവായൂരിൽ നടക്കാറുണ്ട്. ഒരു ദിവസം 246 വിവാഹങ്ങൾ വരെ നടന്നിട്ടുണ്ട്. ചില ദിവസങ്ങളിൽ രജിസ്റ്റർ ചെയ്ത വിവാഹങ്ങൾ പോലും തിരക്ക് കാരണം മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. തിരക്കിൽ വധൂവരന്മാരെ മാറിയ സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൂറിലേറെ മണ്ഡപങ്ങൾ ഉള്ള ഗുരുവായൂരിൽ തിരക്കുള്ള ദിവസങ്ങളിൽ മണ്ഡപം നൽകാൻ ആകാതെ ഉടമകളും കിട്ടാതെ കല്യാണ പാർട്ടികളും നെട്ടോട്ടമാണ്.

ഏതാണ്ട് അര നൂറ്റാണ്ട് മുമ്പ് വരെ കേരളത്തിൽ ഹിന്ദുക്കളുടെ ഇടയിൽ രാത്രി വിവാഹങ്ങൾ സാധാരണമായിരുന്നു. അടുത്ത കാലത്ത് പകൽ ചൂട് കൂടി വരുന്നതിനാൽ കല്യാണങ്ങളിൽ പങ്കെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ ഗുരുവായൂരിൽ രാത്രി വിവാഹങ്ങൾ നടക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും. കൂടാതെ മലയാളിയുടെ കല്യാണ സങ്കൽപങ്ങളുടെ ശൈലിക്കും മാറ്റം വരും.

2022 ഡിസംബറിൽ നായർ സമാജം ജനറൽ കൺവീനർ വി.അച്യുതക്കുറുപ്പ്, മകന്റെ വിവാഹം വൈകിട്ട് ക്ഷേത്രത്തിനു മുന്നിൽ നടത്താൻ അനുമതിക്കായി നൽകിയ അപേക്ഷ അംഗീകരിച്ച് ആ വിവാഹം ആ മാസം 19ന് വൈകിട്ട് 5ന് നടക്കുകയും ചെയ്തു. ഇതാണ് രാത്രിയും വിവാഹം നടത്താൻ ദേവസ്വത്തെ പ്രേരിപ്പിച്ചത് എന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group