കൊല്ലം: ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകന്റെ മഖത്തടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറയിലാണ് സംഭവം. കുറക്കോട് സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്. ഉറങ്ങിക്കിടന്ന മകനെ മുഖത്തടിച്ചെന്ന രാജേഷിന്‍റെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ രാജേഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
രാജേഷിന്‍റെ ഉപദ്രവം സഹിക്കാനാകാതെ ഭാര്യ ഉപേക്ഷിച്ചു പോയതാണെന്ന് പൊലീസ് പറയുന്നു. രാജേഷിന്റെ മാതാപിതാക്കളാണ് കുട്ടിയെ നോക്കിയിരുന്നത്. ‘എഴുന്നേറ്റ് ജോലിക്ക് പോടാ‘- എന്ന് പറഞ്ഞുകൊണ്ടാണ് രാവിലെ ഉറക്കത്തിലായിരുന്ന കുട്ടിയുടെ മുഖത്ത് രാജേഷ് അടിച്ചത്.
അടികൊണ്ട് നിലത്തുവീണ കുട്ടിയെ രാജേഷിന്റെ മാതാപിതാക്കൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ അവർ പൊലീസിൽ പരാതിയും നൽകി. മർദ്ദനത്തിൽ കുട്ടിയുടെ കണ്ണിനും ചുണ്ടിനും പരിക്കുണ്ട്. വർക്ക്ഷോപ്പ് ജീവനക്കാരനായ രാജേഷ് 11കാരനായ മകനെ നിന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് പരാതി.
കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ദേഹോപദ്രവം ഏൽപ്പിച്ചതിന് 323 വകുപ്പ് പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്ത് രാജേഷിനെ അറസ്റ്റ് ചെയ്തത്.
Post a Comment