തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോട്ടേക്കാണ് പ്രതിയെ കൊണ്ടുപോകുന്നത്. അതിനിടെ, പ്രതിയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയർ പഞ്ചറായി. കണ്ണൂർ മേലൂരിന് സമീപം കാടാച്ചിറയിൽ വച്ചാണ് ടയർ പഞ്ചറായത്. ഒരു മണിക്കൂറിലധികം ഇവിടെ കിടന്ന ശേഷമാണ് വേറൊരു വാഹനമെത്തിച്ച് പ്രതിയെ അതില്‍ കയറ്റി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. പ്രതിയുമായി വഴിയില്‍ കിടന്ന വാഹനത്തിന് എടക്കാട് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.
ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ ടി എസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. കൂടുതൽ പേരിലേക്ക് കേസന്വേഷണം നീളുകയാണ്. ചിലരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായും വിവരമുണ്ട്.
പ്രതിയെ പിടികൂടിയത് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കിയിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോൾ മോട്ടോറോളാ കമ്പനിയുടെ ഫോൺ , ആധാർ കാർഡ് , പാൻകാർഡ് , കൊടാക് ബാങ്ക് എ ടി എം എന്നിവ കയ്യിലുണ്ടായിരുന്നുവെന്നും മഹാരാഷ്ട്ര എ ടി എസ് വിശദീകരിച്ചിരുന്നു.
Post a Comment