കണ്ണൂര്‍: കേരളത്തെ ഇകഴ്ത്തി കാണിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലില്ലായ്മ വിഷയത്തില്‍ അടക്കം വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് മോദി പറഞ്ഞതെന്നും ആരോപിച്ചു. കേരളത്തെ പ്രത്യേകം പരിഗണിക്കുന്നുവെന്നാണ് മോദി പറഞ്ഞത്. ഒരു വന്ദേഭാരത് നല്‍കിയത് കൊണ്ട് മാത്രം കേരളത്തോടുള്ള വിവേചനങ്ങള്‍ മറക്കാന്‍ സാധിക്കുമോ.
പ്രളയ കാലത്ത് ധാന്യം നല്‍കിയിരുന്നു കേരളം. എന്നിട്ട് അതിന്റെ തുക അവര്‍ തിരിച്ചുപിടിച്ചു. ഏതെങ്കിലും സംസ്ഥാനത്തോട് ഇങ്ങനെ ഒക്കെ ആരെങ്കിലും ചെയ്യുമോ? കേന്ദ്രം ഒരു സഹായവും നല്‍കിയില്ലെന്ന് മാത്രമല്ല, ഇങ്ങോട്ട് സഹായിക്കാന്‍ വന്നവരെ തടയുകയും ചെയ്തുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സംസ്ഥാനത്തെ ഞെരുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ പണം നല്‍കുന്നില്ല. ഇതാണോ സവിശേഷ പരിഗണന. ജനസംഖ്യാ ആനുപാതികമായ തുക പോലും കേന്ദ്രം നല്‍കുന്നില്ല. അര്‍ഹമായ നികുതി വിഹിതമാണ്. എയിംസ്, ശബരി റെയില്‍പാത, കോച്ച് ഫാക്ടറി അങ്ങനെ ഒന്നും കേരളത്തിന് തന്നിട്ടില്ല. ഒരു ട്രെയിന്‍, വന്ദേഭാരത് ഇപ്പോഴാണ് തന്നത്.
അത് നല്ലത് തന്നെയാണ്. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ അതുകൊണ്ട് കേരളത്തോട് ചെയ്ത കാര്യങ്ങളെല്ലാം മറച്ചുപിടിക്കാന്‍ സാധിക്കുമോ? കേരളത്തിന് അര്‍ഹതപ്പെട്ട ഒന്നും നല്‍കിയിട്ടില്ല. അയ്യായിരത്തില്‍ അധികം നഴ്‌സിംഗ് സീറ്റുകള്‍ രാജ്യത്ത് അനുവദിച്ചപ്പോള്‍ കേരളത്തിന് ഒരെണ്ണം പോലും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
വസ്തുതയ്ക്ക് വിരുദ്ധമായ കാര്യങ്ങള്‍ മോദി പറയുമ്പോള്‍, ആളുകള്‍ എങ്ങനെ എടുക്കുമെന്ന് അദ്ദേഹം തന്നെ പരിശോധിക്കേണ്ടതല്ലേ. കേരളത്തില്‍ തൊഴിലില്ലായ്മയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുമ്പുള്ള കണക്കുകളും ഇപ്പോഴുള്ളതും അദ്ദേഹം നോക്കിയോ? പ്രധാനമന്ത്രിയായത് കൊണ്ട് ആളുകള്‍ ശ്രദ്ധിക്കുമെന്ന് അദ്ദേഹം കരുതേണ്ടതല്ലേ.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പിഎസ്‌സി വഴി 7 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്. യുപിഎസ്‌സിയേക്കാള്‍ കൂടുതലാണിത്. കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് വെറും അഞ്ച് ശതമാനം മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ പന്ത്രണ്ട് ശതമാനമായിരുന്നു തൊഴിലില്ലായ്മ. ഇതൊന്നും അറിയാത്തയാള്‍ അല്ല പ്രധാനമന്ത്രിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി അധികാരത്തില്‍ വന്നത് യുവാക്കള്‍ക്ക് ഒരു കോടി തൊഴില്‍ വാഗ്ദാനം ചെയ്താണ്. അവര്‍ അത് നല്‍കിയോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. തൊഴില്‍ ലഭിക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ ഒന്നാകെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചു. അതോടെ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതായി.
ബാങ്ക് അക്കൗണ്ടിലേക്ക് പണം വരുന്നത് അടക്കം പലതും വാഗ്ദാനങ്ങള്‍ മാത്രാണ്. രാജ്യത്ത് പത്ത് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ നികത്താനാവാതെ കിടക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. റെയില്‍വേയില്‍ മാത്രം മൂന്ന് ലക്ഷം തൊഴില്‍ അവസരങ്ങളാണ് ഒഴിഞ്ഞു കിടക്കുന്നതെന്നും പിണറായി പറഞ്ഞു.
Post a Comment