Join News @ Iritty Whats App Group

ഭാവിയില്‍ അനുമതി ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്കു മാത്രം


ന്യൂഡല്‍ഹി: മലിനീകരണം കുറയ്‌ക്കാനുള്ള നടപടികളുടെ ഭാഗമായി രാജ്യതലസ്‌ഥാനത്തുനിന്ന്‌ പെട്രോള്‍, ഡീസല്‍, സി.എന്‍.ജി. ടാക്‌സികളെ കുടിയിറക്കുന്നു. ഭാവിയില്‍ ഇലക്‌ട്രിക്‌ ടാക്‌സി വാഹനങ്ങള്‍ക്കു മാത്രം അനുമതി നല്‍കാനാണു ഡല്‍ഹി ഗതാഗത വകുപ്പിന്റെ തീരുമാനം.
എന്നാല്‍, പരമ്പരാഗത പെട്രോളിയം ഇന്ധനം ഉപയോഗിച്ച്‌ ഓടുന്ന വാഹനങ്ങളെ ഒറ്റയടിക്ക്‌ നിരത്തില്‍നിന്ന്‌ ഒഴിവാക്കില്ല. പകരം ഘട്ടംഘട്ടമായി പൂര്‍ണമായി ഇലക്‌ട്രിക്‌ വാഹനങ്ങളിലേക്കു മാറാനാണ്‌ പദ്ധതിയെന്ന്‌ ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ്‌ ഗെലോട്ട്‌ പറഞ്ഞു. ഇതിന്റെ ഭാഗമായി ടാക്‌സി/കാബ്‌ കമ്പനികള്‍, ഭക്ഷണ വിതരണ കമ്പനികള്‍, ഇ-കൊമേഴ്‌സ്‌ സ്‌ഥാപനങ്ങള്‍ തുടങ്ങിയവയ്‌ക്കായി പ്രത്യേക നയം അവതരിപ്പിക്കും.
ഈ ദശാബ്‌ദത്തിന്റെ അവസാനത്തോടെ ഇത്തരം കമ്പനികള്‍ പൂര്‍ണമായി ഇലക്‌ട്രിക്‌ വാഹനങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടും. 2030 ഏപ്രില്‍ ഒന്നോടെ ഡല്‍ഹിയില്‍ ക്യാബുകള്‍ക്കും മറ്റ്‌ ഇ-കൊമേഴ്‌സ്‌ സ്‌ഥാപനങ്ങള്‍ക്കുമായി ഓള്‍-ഇലക്‌ട്രിക്‌ ഫ്‌ളീറ്റ്‌ ഉണ്ടാകുമെന്നും മന്ത്രി കൈലാഷ്‌ ഗെലോട്ട്‌ പറഞ്ഞു. ഇതിന്റെ ഭാഗമായി ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്കായി വിപുലമായ ചാര്‍ജിങ്‌ സംവിധാനവുമൊരുക്കും. ഡല്‍ഹിയിലെ വായു മാലിന്യരഹിതമാക്കുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പെട്രോള്‍, ഡീസല്‍, സി.എന്‍.ജി. ടാക്‌സികളും കാബുകളും ഒഴിവാക്കാനും ഇലക്‌ട്രിക്‌ വാഹനങ്ങള്‍ വ്യാപകമാക്കാനും ലക്ഷ്യമിട്ടുള്ള കരട്‌ നയത്തിനു ഡല്‍ഹി സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്‌. ഗതാഗത വകുപ്പിന്റെയും ലഫ്‌. ഗവര്‍ണറുടെയും അന്തിമാനുമതി ലഭിച്ചതിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


Post a Comment

Previous Post Next Post
Join Our Whats App Group