എല്ലാ മതത്തിൽ പെട്ട പെൺമക്കൾക്കും പിതാവില്‍ നിന്നും വിവാഹ ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട രണ്ട് പെണ്‍കുട്ടികൾ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹർജിക്കാരികളുടെ മാതാപിതാക്കൾ വേർപിരിഞ്ഞ് കഴിയുന്നവരാണ്. മക്കൾ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. സാമ്പത്തിക ശേഷിയുള്ള പിതാവിൽ നിന്നും വിവാഹ ചെലവിനായി 45 ലക്ഷം രൂപ അനുവദിക്കണം എന്നാവശ്യപ്പെട്ട് മക്കൾ പാലക്കാട് കുടുംബ കോടതിയിൽ കേസ് നൽകി. എന്നാൽ വിവാഹ ആവശ്യത്തിനായി 7.50 ലക്ഷം രൂപ അനുവദിക്കാനായിരുന്നു കുടുംബ കോടതി ഉത്തരവിട്ടത്. തുക നിശ്ചയിച്ചത് കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പണം ചെലവഴിച്ചെന്നും ഇനിയും പണം നല്‍കാനാകില്ലെന്നുമായിരുന്നു പിതാവിന്റെ വാദം.
എന്നാൽ ക്രിസ്ത്യന് മത വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടികൾക്ക്, വിവാഹച്ചെലവിന് പിതാവിൽ നിന്ന് അവകാശം ഉന്നയിക്കാനാകുമോ എന്നതാണ് ഹൈക്കോടതി പരിശോധിച്ചത്. ഹിന്ദു ഏറ്റെടുക്കൽ നിയമപ്രകാരം യുവതികൾക്ക് പിതാവില് നിന്ന് വിവാഹ സഹായം ലഭിക്കാൻ അർഹതയുണ്ട്. 2011 മറ്റൊരു കേസിൽ, ഏത് മതവിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടികൾക്കും തങ്ങളുടെ വിവാഹത്തിന് പിതാവിൽ നിന്നും സഹായം ലഭിക്കാൻ അർഹതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
ഇത് കൂടി പരിഗണിച്ചാണ് ഹർജ്ജിക്കാരിയായ യുവതിക്ക് വിവാഹധനസഹായം നൽകാൻ പിതാവിനോട് നിർദേശിച്ചത്. 15ലക്ഷം രൂപ നല്കാനാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
Post a Comment