രത്നഗിരി: കോഴിക്കോട് ഏലത്തൂരിൽ ട്രെയിൻ തീവെച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതി ഷാരൂഖ് സൈഫിയെ കസ്റ്റഡിയിലെടുക്കാനായത് രത്നഗിരിയിലെ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം. ട്രെയിനിൽ തീവെപ്പ് നടത്തിയ പ്രതിക്ക് മുഖത്ത് ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതി രത്നഗിരയിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ അവിടുത്തെ ആശുപത്രികളിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടെ ആശുപത്രിയിൽ ചികിത്സ തേടിയ പ്രതി സംശയം തോന്നിയതോടെ ചികിത്സ പൂർത്തിയാക്കാതെ അവിടെനിന്ന് കടന്നുകളയുകയായിരുന്നു. എന്നാൽ രത്നഗിരിയിൽ വ്യാപക പരിശോധന നടത്തുന്നതിനിടെ റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് ഇന്നലെ രാത്രിയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേന്ദ്ര ഇന്റലിജൻസിന്റെയും മഹാരാഷ്ട്ര എടിഎസിന്റെയും സംയുക്ത സംഘമാണ് മഹാരാഷ്ട്രയിലെ രത്‌നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഷാരൂഖ് സൈഫിയെ കസ്റ്റഡിയിലെടുത്തത്.
Post a Comment