Join News @ Iritty Whats App Group

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പഴശ്ശി മ്യൂസിയം കെട്ടിടവും കുളവും എട്ടിന് മുഖ്യമന്ത്രി നാട്ടിന് സമർപ്പിക്കും

ഇരിട്ടി: മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പഴശ്ശി മ്യൂസിയം സ്ഥാപിക്കുന്നതിനായി പൂർത്തിയാക്കിയ കെട്ടിടവും ഇതിനോട് അനുബന്ധിച്ച് നവീകരിച്ച കുളവും എട്ടിന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ടൂറിസം വകുപ്പാണ് അഞ്ചുകോടി രൂപ ചിലവിൽ ക്ഷേത്രത്തിൽ പഴശ്ശി മ്യൂസിയം നിർമ്മിക്കുന്നത്. ഇതിൽ 3.67 കോടി രൂപ ചിലവിലാണ് മ്യൂസിയം കെട്ടിടവും ഇതിനോട് ചേർന്നുള്ള കുളവും നവീകരിച്ചത്. മ്യൂസിയത്തിലേക്കുള്ള ചരിത്ര ശേഷിപ്പുകൾ കേരള മ്യൂസിയം വകുപ്പ് സ്ഥാപിക്കും. ഇതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വീരകേരളവർമ്മ പഴശ്ശിരാജയുമായി ബന്ധപ്പെട്ട് കിടക്കുന്നതും കഥകളിയുടെ ഉത്ഭവ സ്ഥാനം എന്ന നിലയിലും ഏറെ ചരിത്ര പ്രധാന്യമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണിത്. പഴശ്ശി രാജാവ് ബിട്ടീഷുകാർക്കെതിരെയുള്ള പടയോട്ടകാലത്തും അതിന് മുൻമ്പും പിൻപു മുള്ള ചരിത്ര ശേഷിപ്പുകൾ കണ്ടെത്തി മ്യൂസിയത്തിൽ സ്ഥാപിക്കും. കോട്ടയം തമ്പുരാൻ ജീവിച്ചിരുന്നതും, കേരള സിംഹം വീര കേരളവർമ്മ പഴശ്ശിരാജയുടെ തറവാടായ പടിഞ്ഞാറെ കോവിലകവും സ്ഥിതി ചെയ്തിരുന്ന ശ്രീമൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെ ഭാഗമായുള്ള സ്ഥലത്താണ് കേരള സർക്കാർ ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃകം പദ്ധതിയിൽ പെടുത്തി പഴശ്ശി ടെമ്പിൾ മ്യൂസിയം കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group