കോഴിക്കോട്: എലത്തൂർ തീ വെപ്പ് കേസിൽ പ്രതികരണവുമായി എഡിജിപി അജിത് കുമാർ. ''അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. കേസിന്റെ അന്വേഷണം പ്രിലിമിനറി ലെവലിലാണ്. അന്വേഷണം നടക്കുന്നതിന് അനുസരിച്ച് മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾ അന്വേഷണ ശേഷം പറയാം. ഡിപ്പാർട്ട്മെന്റ് അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന ഷഹറുഖ് സെയ്ഫിയെക്കുറിച്ച് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ്.'' പൊലീസ് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും എഡിജിപി പറഞ്ഞു.
എലത്തൂരിലെ ട്രെയിനിൽ തീവെപ്പ് സംഭവം 18 അംഗ സംഘം അന്വേഷിക്കും. എഡിജിപി അജിത് കുമാർ ആണ് അന്വേഷണത്തിന് നേതൃത്വം നൽകുക. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഇത് കൂടാതെ ക്രൈം ബ്രാഞ്ച് ലോക്കൽ പൊലീസ്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയിൽ നിന്നും അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജ്, താനൂർ ഡിവൈഎസ്പി ബെന്നി എന്നിവരാണ് സംഘത്തിലുള്ളത്.
ഇത് കൂടാതെ റെയിൽവേ ഇൻസ്പെക്ടർമാർ, ലോക്കൽ സബ് ഇൻസ്പെക്ടർമാർ എന്നിവരെയെല്ലാം ഈ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊത്തം 18 അംഗ സംഘത്തിനെയാണ് പ്രത്യേക അന്വേഷണം ഏൽപിച്ചു കൊണ്ടുള്ള ഉത്തരവാണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. സംഭവത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടിരുന്നു. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അതിന്റെ ഭാഗമായിട്ടാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളാണ് പ്രതി എന്ന് സൂചന കിട്ടിയതായി പൊലീസ് വ്യക്തമാക്കി. പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കി പുറത്തുവിട്ടിട്ടുണ്ട്.
Post a Comment