തൃശൂര്‍: ''ഞാന്‍ തന്നെയാണ് കൊലപ്പെടുത്തിയത്; ശിക്ഷ ഏറ്റെടുക്കാന്‍ തയാര്‍''- അവണൂര്‍ എടക്കുളം അമ്മാനത്ത് ശശീന്ദ്രന്റെ (52) അസ്വാഭാവികമരണം കൊലപാതകമാണെന്നു വ്യക്തമായതോടെ അറസ്റ്റിലായ മകന്‍ മയൂര്‍നാഥന്റെ വെളിപ്പെടുത്തല്‍ കേട്ട് പോലീസ് ഞെട്ടി.
ആയുര്‍വേദ ഡോക്ടര്‍കൂടിയായ മകന് അച്ഛനോട് മാത്രമാണ് പകയുണ്ടായിരുന്നത്. മറ്റാരേയും വധിക്കാന്‍ നിശ്ചയിച്ചിരുന്നില്ല. സ്വത്തു തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ അതു മാത്രമായിരുന്നില്ല കാരണം. അമ്മയെ വേണ്ടവിധത്തില്‍ അച്ഛന്‍ സംരക്ഷിച്ചിരുന്നില്ല എന്നതിന്റെ പകയും കൊലപാതകത്തിലേക്കു നയിച്ചുവെന്നാണ് മൊഴി. അധികമാരുമായും കൂട്ടുകെട്ടില്ലാത്ത മയൂര്‍നാഥില്‍നിന്ന് ഇത്തരമൊരു പ്രവൃത്തിയുണ്ടായെന്നത് നാടിന് അവിശ്വസനീയമായി. മികച്ച പാരമ്പര്യമുള്ള കുടുംബവുമാണിത്.
അമ്മ ആത്മഹത്യ ചെയ്യാനിടയായത് അച്ഛന്‍ കാരണമാണ് എന്ന കണക്കുകൂട്ടലിലായിരുന്നു മകന്‍. ഇക്കാര്യം മനസില്‍ വൈരാഗ്യം കൂട്ടി. പിന്നീട് പിതാവ് വേറെ വിവാഹം കഴിച്ചു. പിതാവിനെ കൊന്നശേഷം ആത്മഹത്യ ചെയ്യണമെന്നായിരുന്നു മയൂര്‍നാഥിന്റെ ആദ്യകണക്കുകൂട്ടല്‍.
പിന്നീടാണു സ്വാഭവിക മരണമെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടന്നത്. അങ്ങനെയാണ് കീടനാശിനി ഭക്ഷണത്തില്‍ കലര്‍ത്തി ഭക്ഷ്യവിഷബാധ എന്ന ലേബലുണ്ടാക്കാന്‍ തീരുമാനിച്ചത്. വിഷക്കൂട്ടുകള്‍ ഓണ്‍െലെനില്‍ വരുത്തി. മരുന്ന് കൂട്ട് വസതിയില്‍ തയാറാക്കി.
അച്ഛന്‍ ശശീന്ദ്രനെ മാത്രമായിരുന്നു മയൂര്‍നാഥന്‍ ലക്ഷ്യമിട്ടത്. ശശീന്ദ്രന്‍ കഴിച്ചു ബാക്കി വന്ന കടലക്കറി വീട്ടിലെ പ്രധാനകറിപ്പാത്രത്തില്‍ രണ്ടാനമ്മ ഇട്ടതോടെയാണ് കണക്കുകൂട്ടലുകള്‍ പാളിയത്. മറ്റു നാലുപേര്‍ക്കുകൂടി വിഷബാധയേറ്റു. മയൂര്‍നാഥന്‍ ഒഴികെ മറ്റെല്ലാവരും കടലക്കറി കഴിച്ചു. ഇതോടെ കേസ് വേഗത്തില്‍ തെളിഞ്ഞു.
Post a Comment