ദില്ലി: ഓൺലൈൻ ബുക്കിംഗ് സംവിധാനം വഴിയാണ് ഇന്ന് ഭൂരിഭാഗം ആളുകളും ട്രെയിൻ ടിക്കറ്റുകൾ റിസർവ്വ് ചെയ്യുന്നത്. ഇതിനായി നിരവധി ആപ്ലിക്കേഷനുംകളും നിലവിലുണ്ട്. മൊബെൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന വിവിധ ആപ്ലിക്കേഷനുകളിലൂടെയും ഐ ആർ സി ടി സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും റെയിൽവെ സ്റ്റേഷനിൽ പോകാതെ തന്നെ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ട്രെയിനിന്റെ തത്സമയ വിവരങ്ങളും, പ്ലാറ്റ്‌ഫോമും വരെ ഇന്ന് ഇത്തരം ആപ്പുകളിലൂടെ അറിയാനാകും. എന്നാൽ ഉപയോക്താക്കളോട് irctcconnect.apk' എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യരുതെന്ന മുന്നറിയിപ്പ് നൽകുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഡ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി.) ഈ വ്യാജ ആപ്ലിക്കേഷൻ ഉപയോഗിക്കരുതെന്നാണ് ഐ ആർ സി ടി സി ഉപയോക്താക്കളോടായി പറയുന്നത്. വാട്സാപ്പും ടെലഗ്രാമും പോലെയുള്ള ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്ഫോമുകൾ വഴിയാണ് ഈ ആപ്ലിക്കേഷൻ വ്യാപകമായി പ്രചരിക്കുന്നത്. യഥാർഥ ഐആർസിടിസി ആപ്പിനോടു സാമ്യമുള്ളതിനാൽ വ്യാജ ആപ്പ് ഉപയോക്താക്കൾക്ക് പെട്ടെന്ന് വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.
'irctcconnect.apk' ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്താൽ, ഉപയോക്താവിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും, ഇത് വഴി വ്യക്തിഗത വിവരങ്ങൾ യുപിഐ നമ്പർ , നിങ്ങളുടെ ഫോൺ വഴി ഉപയോഗിക്കുന്ന ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചേർന്നേക്കാമെന്നുമുള്ള മുന്നറിയിപ്പാണ് ഐആർസിടിസി നൽകുന്നത്. അതിനാൽ, 'irctcconnect.apk' ആപ്പ് ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും, സമാനമായ സംശയാസ്പദമായ ആപ്ലിക്കേഷനുകളെ കുറിച്ച് ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ വിശദമാക്കുന്നു. വാട്ട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഈ ആപ്പ് ലിങ്കുകൾ ഷെയർ ചെയ്യുന്നത്. പ്ലേ സ്റ്റോർ വഴിയോ, ആപ് സ്റ്റോറിലോ ഈ വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്യാനാകില്ല.
ആൻഡ്രോയിഡിലെ ഗൂഗിൾ പ്ലേ, ഐഫോണുകളിലെ ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയ വിശ്വസനീയമായ ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ, ആപ്പിൾ സ്റ്റോറിൽ നിന്നോ ഐആർസിടിസിയുടെ 'IRCTC Rail Connect എന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. ശ്രദ്ധിക്കുക, ഐആർസിടിസി ഒരിക്കലും ഉപഭോക്താക്കളിൽ നിന്നും പിൻ, ഒടിപി, പാസ്വേഡ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ, നെറ്റ് ബാങ്കിംഗ് പാസ്വേഡ് അല്ലെങ്കിൽ യുപിഐ വിശദാംശങ്ങൾ എന്നിവയ്ക്കായി വിളിക്കാറില്ല.
Post a Comment