ഇരിട്ടി: ആറളം ഫാമിൽ വർദ്ധിച്ചുവരുന്ന കാട്ടാന ശല്യം തടയാൻ നടപടി ആവശ്യപ്പെട്ട് ആദിവാസി പുനരധിവാസ മേഖലയിലെ ജനങ്ങൾ സംഘടിച്ച് രൂപം കൊടുത്ത ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ വളയംചാലിലെ അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും ആദിവാസി സംഘടനകളുടെയും പിൻബലം ഇല്ലാതെ പ്രദേശത്ത് താമസിക്കുന്നവരുടെ കൂട്ടായ്മയിലാണ് ജനകീയ സമരസമിതി രൂപം കൊണ്ടത്. ഇതിന്റെ നേതൃത്വത്തിൽ നടത്തിയ ആദ്യ പ്രതിഷേധം തന്നെ ശ്രദ്ധേയമായി. വൻ ജനപങ്കാളിത്തമാണ് പ്രതിഷേധത്തിൽ ഉണ്ടായിരുന്നത്. മേഖലയിലെ വിവിധ ബ്ലോക്കുകളിൽ നിന്നും സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടെയുള്ളവർ കൊടിയുടെ നിറമില്ലാതെ സമരത്തിൽ പങ്കാളികളായി. സമരം സമരസമിതി കൺവീനർ കെ. കേളപ്പൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് 12ലെ ഊരു മൂപ്പൻ കുങ്കൻ അധ്യക്ഷത വഹിച്ചു. സമരസമിതി ഭാരവാഹികളായ വനജ സുഭാഷ്, എ. കെ. ഷീജൻ, പി.വി. ഷിന്ടോ, കെ. എസ്. ആരതി, കെ.സി. രാജീവൻ, വി.കെ. ബിജുമോൻ, ഊരു മൂപ്പൻ മോഹനൻ, ഇ.കെ. ഷിജു എന്നിവർ പ്രസംഗിച്ചു.
ആറളം ഫാമിലെ കാട്ടാനശല്യം; ജനകീയ സമരസമിതി വളയഞ്ചാൽ വനം ഓഫീസിലേക്ക് മാർച്ച് നടത്തി
News@Iritty
0
Post a Comment