കൊച്ചി: കേരളീയ വേഷത്തിൽ കൊച്ചിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കസവുമുണ്ടും ജൂബ്ബയും ഷാളും ധരിച്ചാണ് അദ്ദേഹം റോഡ് ഷോയിൽ പങ്കെടുക്കുന്നത്. പ്രധാന മന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ്ഷോയാണ് ഇത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയിരിക്കുന്നത്. നാളെ തിരുവനന്തപുരത്ത് വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
കൊച്ചി വെണ്ടുരുത്തി പാലം മുതൽ തേവര എസ് എച്ച് കോളേജ് വരെയാണ് റോഡ് ഷോ. തുടര്‍ന്ന് യുവം 2023 സംവാദത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയെ കാണാൻ ആയിരങ്ങളാണ് കൊച്ചിയിൽ എത്തിച്ചേർന്നിരിക്കുന്നത്. കൊച്ചി നഗരത്തിൽ കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കാല്‍നടയായിട്ടാണ് പ്രധാനമന്ത്രി റോഡ് ഷോ ആരംഭിച്ചത്. റോഡിലൂടെ നടന്ന് അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്തു. നിരവധി പ്രമുഖരാണ് യുവം വേദിയില്‍ എത്തിയിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ യുവജനസംഗമം എന്ന് ബിജെപി അവകാശപ്പെടുന്ന യുവം 2023 വേദിയിലേക്കാണ് പ്രധാനമന്ത്രി എത്തിച്ചേരുക. യുവം പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ട യുവാക്കൾക്ക് പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാം. ഈ പരിപാടിക്ക് രാഷ്ട്രീയമില്ല എന്ന് ബിജെപി ആവർത്തിക്കുന്നുണ്ട്. കേരളീയ വേഷത്തിൽ തന്നെയാണ് അദ്ദേഹം യുവം വേദിയിലേക്കെത്തുക.
Post a Comment