Join News @ Iritty Whats App Group

സുഡാനിൽ സ്ഥിതി സങ്കീര്‍ണ്ണമെന്ന് വിദേശകാര്യമന്ത്രാലയം; രക്ഷാദൗത്യം തുടരുന്നു, മലയാളികളുടെ ആദ്യ സംഘം കേരളത്തിൽ


ദില്ലി: സുഡാനിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമെന്ന് വിദേശകാര്യമന്ത്രാലയം. 1095 ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചെന്ന് മന്ത്രാലയം വ്യക്തമാക്കി. 19 മലയാളികളെ തിരികയെത്തിച്ചു. ഖാർത്തൂമിൽ കൊല്ലപ്പെട്ട മലയാളി ആൽബർട്ട് അ​ഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, ഉച്ചയ്ക്ക് ശേഷം 243 ഇന്ത്യാക്കാരുമായി രണ്ടാമത്തെ വിമാനം മുംബൈയിലെത്തും. ഖാർത്തൂമിലെ ഇന്ത്യൻ എംബസി, പോർട്ട് സുഡാൻ, ജിദ്ദ എന്നിവിടങ്ങളിൽ മുഴുവൻ സമയ കണ്ട്രോൾ റൂം തുറന്നു. 3100 പേർ നാട്ടിലേക്ക് മടങ്ങാനായി ഓൺലൈനില്‍ രജിസ്റ്റർ ചെയ്തു.

ആഭ്യന്തര സംഘ‌ർഷം രൂക്ഷമായി തുടരുന്ന സുഡാനിൽ സ്ഥിതി സങ്കീർണമായി തുടരുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. കേന്ദ്രം ഇത് ​ഗൗരവമായി നിരീക്ഷിക്കുകയാണ്. പലയിടത്തും വെടിനിർത്തൽ പാലിക്കപ്പെടുന്നില്ല. ഖാർത്തൂം കേന്ദ്രീകരിച്ചും, അംദുർമാൻ, അൽഫാഷർ, കസാല, പോർട്ട് സുഡാൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും ഓപ്പറേഷൻ കാവേരി ദൗത്യം പുരോ​ഗമിക്കുകയാണ്. ഖാർത്തൂമിലെ ഇന്ത്യൻ എംബസി, പോർട്ട് സുഡാൻ, ജിദ്ദ എന്നിവിടങ്ങളിൽ മുഴുവൻ സമയ കണ്ട്രോൾ റൂം തുറന്നു. സുഡാനില്‍ 3100 പേരാണ് നാട്ടിലേക്ക് മടങ്ങാനായി ഓൺലൈനില്‍ രജിസ്റ്റർ ചെയ്തത്.

3500 ഇന്ത്യാക്കാരും ആയിരം ഇന്ത്യൻ വംശജരും സുഡാനിലുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ പുതിയ കണക്ക്. ഇവരെ ഒഴിപ്പിക്കാനായി ചൊവ്വാഴ്ച തുടങ്ങിയ ഓപ്പറേഷൻ കാവേരിയിലൂടെ 1095 പേരെ ഇതുവരെ പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിലെത്തിച്ചു. സൈനിക കപ്പലുകളായ ഐഎൻഎസ് സുമേധ, ഐഎൻഎസ് തേ​ഗ് എന്നിവയും, വ്യോമസേനയുടെ സി130 ജെ വിമാനങ്ങളുമുപയോ​ഗിച്ചാണ് ഇവരെ ജിദ്ദയിലേക്ക് മാറ്റുന്നത്. മറ്റൊരു സൈനിക കപ്പലായ ഐഎൻഎസ് ടർക്കിഷും ഇന്ന് പോർട്ട് സുഡാനിലെത്തും. ഉച്ചയ്ക്കുശേഷം വ്യോമസേനയുടെ സി17 ​ഗ്ലോബ്മാസ്റ്റർ വിമാനമാണ് 243 ഇന്ത്യാക്കാരുമായി മുംബൈയിലെത്തുന്നത്. മലയാളികളടക്കം ദക്ഷിണേന്ത്യൻ സ്വദേശികളാണ് ഈ വിമാനത്തിൽ ഭൂരിഭാ​ഗവും.

Post a Comment

Previous Post Next Post
Join Our Whats App Group