ന്യൂഡൽഹി: കോഴിക്കോട് എലത്തൂരിലെ ട്രെയിൻ തീവെപ്പ് കേസിൽ രത്നഗിരിയിൽ അറസ്റ്റിലായ പ്രതി ഷാരുഖ് സൈഫിയും ഷഹീൻബാഗിൽ കാണാതായ യുവാവും ഒന്നുതന്നെ. ഇക്കാര്യം ഇയാളുടെ പിതാവും മറ്റ് കുടുംബാംഗങ്ങളും സ്ഥിരീകരിച്ചു. ഷഹീൻബാഗിലെ വീട്ടിലെത്തി പൊലീസും കേരളത്തിൽ നിന്നുള്ള എടിഎസും നടത്തിയ പരിശോധനയിൽ വീട്ടിൽ കണ്ട നോട്ട് പുസ്‌തകങ്ങളിലെ കൈയക്ഷരവും എലത്തൂരിൽ റെയിൽവെട്രാക്കിൽ നിന്നും കണ്ടെത്തിയ നോട്ടുപുസ്‌തകങ്ങളിലെ കൈയക്ഷരവും ഒന്നാണെന്ന് പരിശോധനയിൽ തെളിഞ്ഞു. അറസ്റ്റിലായ പ്രതിയുടെ ചിത്രം വീട്ടുകാർ കണ്ട് ഇത് മാർച്ച് 31ന് കാണാതായ ഷാരുഖ് ആണെന്ന് ഉറപ്പിച്ചു.
മാർച്ച് 31നാണ് ഇയാളെ കാണാതായത്. ഷഹിൻബാഗ് പൊലീസിൽ പിതാവ് ഫക്രുദീൻ പരാതി നൽകിയത് ഏപ്രിൽ രണ്ടിനും. ഏലത്തൂരിൽ നിന്ന് കിട്ടിയ ഫോൺ മാർച്ച് 30ന് സ്വിച്ചോഫ് ചെയ്‌തതായും മനസിലാക്കാനായി. ഇത് ഷാരുഖ് സൈഫി തന്നെയാണ് പ്രതിയെന്ന് ഉറപ്പിക്കാൻ അന്വേഷണസംഘത്തിന് സഹായകമായി.
ഷാരുഖ് മുൻപ് കേരളത്തിലേക്ക് പോയിട്ടില്ലെന്നും പ്ലസ് ടു വരെ പഠിച്ചിട്ടുണ്ടെന്നും പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. മകൻ അത്യാവശ്യം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യും. വീട്ടിൽനിന്നും പുസ്‌തകങ്ങളും മറ്റും കൊണ്ടുപോയിരുന്നതായും പിതാവ് പറഞ്ഞു. മകന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ല. തന്റെയൊപ്പം മരപ്പണി ചെയ്‌താണ് കഴിഞ്ഞിരുന്നതെന്നും ഫക്രുദീൻ അറിയിച്ചു.
പൊലീസ് കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോഴാണ് സംഭവങ്ങളെല്ലാം അറിയുന്നത്. ഷാരൂഖ് കേരളത്തിലേക്ക് പോയതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും മകൻ കുറ്റക്കാരനെങ്കിൽ കടുത്തശിക്ഷ നൽകണമെന്നും അക്കാര്യത്തിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment