തലശേരി: എരഞ്ഞോളിപ്പാലത്തിനടുത്ത് ദുരൂഹ സാഹചര്യത്തിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
ആർഎസ്എസ് പ്രവർത്തകനായ എരഞ്ഞോളി കച്ചുമ്പ്രത്തുതാഴെ ശ്രുതി നിവാസിൽ വിഷ്ണുവിനെ (20) യാണ് സ്ഫോടനത്തിൽ ഇരു കൈപ്പത്തികളും നഷടപ്പെട്ട നിലയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ബോംബ് നിർമാണത്തിനിടയിലാണ് സ്ഫോടനം നടന്നിട്ടുള്ളതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് നടത്തിയ പരിശോധനയിൽ പൊട്ടാത്ത നാടൻ ബോംബ് കണ്ടെടുത്തു.
സംഭവസമയം വിഷ്ണു മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. സംഭവ സ്ഥലത്ത് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു.
എക്സ്പ്ലോസീവ് സബ്സ്റ്റന്റ് ആക്ട് പ്രകാരം വിഷ്ണുവിനെ പ്രതിയാക്കി പോലീസ് സ്വമേധയാൽ കേസെടുത്ത് അന്വേഷണം നടത്തിവരിയാണ്. പെൺകുട്ടിയെ ഉപദ്രവിച്ചതടക്കം മൂന്ന് കേസുകളിൽ വിഷ്ണു പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
സംഭവസ്ഥലത്തെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. ചൊവ്വാഴ്ച അർധരാത്രിയിലാണ് നാടിനെ നടുക്കിയ സ്ഫോടനം നടന്നത്.
വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു സ്ഫോടനം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആദ്യം കണ്ണൂരിലെയും തലശേരിയിലെയും ആശുപതികളിൽ പ്രവേശിപ്പിച്ചശേഷമാണ് കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റിയത്. വിവരമറിഞ്ഞ് ഉടൻ തലശേരി പോലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കലാപനീക്കമെന്നു സിപിഎം
തലശേരി: തലശേരിയും പരിസരങ്ങളിലും ബോധപൂർവം പ്രശ്നം സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐ എം തലശേരി ഏരിയസെക്രട്ടറി സി.കെ. രമേശൻ. ബോംബ് നിർമാണത്തിനിടയിൽ ആർഎസ്എസുകാരന്റെ കൈപ്പത്തി അറ്റ സ്ഫോടനം ഇതിന്റെ തെളിവാണ്.
നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാനാണ് നോക്കുന്നത്. ബോംബ് നിർമാണത്തിന് പിന്നിൽ ആർഎസ്എസ്-ബിജെപി നേതൃത്വത്തിന്റെ ഗൂഢാലോചനയുണ്ട്.
വിശദമായ അന്വേഷണം നടത്തി മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കണം. സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർഎസ്എസ്-ബിജെപി നീക്കത്തെ കരുതിയിരിക്കണമെന്നും അക്രമികൾക്കെതിരേ ജനങ്ങൾ അണിനിരക്കണമെന്നും സി.കെ. രമേശൻ പറഞ്ഞു.
Post a Comment