പാലക്കാട്: യുവം പരിപാടിക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരെ 'മത സ്പർദ്ധ വളർത്തുന്ന' വകുപ്പ് ചേർത്ത് കേസെടുത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. സംഭവത്തിൽ പിണറായി ഗവൺമെന്റിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷമായ ഭാഷയിലാണ് ഷാഫി വിമര്‍ശനമുന്നയിച്ചത്.
സമരം ചെയ്തവന്റെ മതം നോക്കി മുസ്ലീമായത് കൊണ്ട് "മത സ്പർദ്ധ വളർത്തുന്ന" വകുപ്പ് ചേർത്ത് കേസെടുക്കാൻ നിർദ്ദേശം കൊടുത്ത വിജയന്റെ ആഭ്യന്തര വകുപ്പിനെ ചൊല്ലി മോദി അഭിമാനിക്കുന്നുണ്ടാവുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.കേരളത്തിൽ പിണറായി വിജയൻ സർക്കാരുള്ളപ്പോൾ മോദി ഒരു സീറ്റിന് വേണ്ടി എന്തിന് കഷ്ടപെടണം?. ബിജെപി നേടാനാഗ്രഹിക്കുന്ന ഭരണം കൊണ്ട് എന്താണോ അവർ ചെയ്യുവാൻ ആഗ്രഹിക്കുന്നത് അത് പിണറായി സർക്കാർ ഭംഗിയായി നടപ്പിലാക്കുന്നുണ്ട്.
പുൽവാമയിലെ ധീരരെ കൊലയ്ക്ക് കൊടുത്തതിൽ ഭരണകൂടത്തിന്റെ വീഴ്ച്ച ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ്സ് കൊടി വീശി " മോദി ഗോ ബാക്ക്" എന്ന് മുദ്രാവാക്യം വിളിച്ചതിന് അനീഷ് പിഎച്ച് എന്ന യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിക്കെതിരെ "മേലെ" നിന്നുള്ള നിർദ്ദേശ പ്രകാരം 153 എ ചുമത്തുകയാണെന്ന് പോലീസ് എറണാകുളം എംപി ഹൈബി ഈഡനെ വിളിച്ച് അറിയിച്ചെന്നും അദ്ദേഹം ആരോപിച്ചു. 'എന്റെ പേര് അനീഷ്, ഞാൻ മുസൽമാനാണ്, തീവ്രവാദി അല്ല, കോൺഗ്രസുകാരനാണ്' എന്ന അനീഷിന്റെ വാചകം ചേര്‍ക്കുന്ന ഗ്രാഫിക് കാര്‍ഡിനൊപ്പമാണ് ഷാഫി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഷാഫിയുടെ കുറിപ്പിങ്ങനെ...
കേരളത്തിൽ പിണറായി വിജയൻ സർക്കാരുള്ളപ്പോൾ മോദി ഒരു സീറ്റിന് വേണ്ടി എന്തിന് കഷ്ടപെടണം ? ഒരു സീറ്റിന് വേണ്ടി റോഡ് ഷോ നടത്തി, മോദിയെ കൊണ്ട് കൂട്ടിയാൽ കൂടാത്ത 'സംവാദം'എന്ന ഓമനപ്പേരിൽ റേഡിയോ തുറന്ന് വെച്ച പോലെ മൻ കി ബാത്ത് നടത്തിയൊക്കെ ബിജെപി നേടാനാഗ്രഹിക്കുന്ന ഭരണം കൊണ്ട് എന്താണോ അവർ ചെയ്യുവാൻ ആഗ്രഹിക്കുന്നത് അത് പിണറായി സർക്കാർ ഭംഗിയായി നടപ്പിലാക്കുന്നുണ്ട്.
ഇന്നലെ പ്രധാനമന്ത്രി എറണാകുളത്ത് എത്തിയപ്പോൾ പുൽവാമയിലെ ധീരരെ കൊലയ്ക്ക് കൊടുത്തതിൽ ഭരണകൂടത്തിന്റെ വീഴ്ച്ച ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ്സ് കൊടി വീശി " മോദി ഗോ ബാക്ക്" എന്ന് മുദ്രാവാക്യം വിളിച്ചതിന് അനീഷ് PH എന്ന യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിക്കെതിരെ "മേലെ" നിന്നുള്ള നിർദ്ദേശ പ്രകാരം 153 A ചുമത്തുകയാണെന്ന് പോലീസ് എറണാകുളം MP ഹൈബി ഈഡനെ വിളിച്ച് അറിയിക്കുന്നു.
സമരം ചെയ്തവന്റെ മതം നോക്കി മുസ്ലീമായത് കൊണ്ട് "മത സ്പർദ്ധ വളർത്തുന്ന" വകുപ്പ് ചേർത്ത് കേസെടുക്കാൻ നിർദ്ദേശം കൊടുത്ത വിജയന്റെ ആഭ്യന്തര വകുപ്പിനെ ചൊല്ലി മോദി അഭിമാനിക്കുന്നുണ്ടാവും.
'കേരള യോഗി' പിണറായി നാട് ഭരിക്കുമ്പോൾ ബിജെപി ഇനി വേറെ സീറ്റിനും ഭരണത്തിനും വേണ്ടി ദിവാസ്വപ്നം കാണേണ്ട കാര്യമില്ലല്ലോ...
ഏത് കേസെടുത്താലും കോട്ടിട്ട മോദിക്കും മുണ്ടുടുത്ത മോദിക്കുമെതിരെയുള്ള യൂത്ത് കോൺഗ്രസ്സ് പോരാട്ടം തുടരും.
Post a Comment