കര്‍ണാടക : കര്‍ണാടകയില്‍ മുസ്ലീം സമുദായത്തിന്റെ സംവരണം റദ്ദാക്കാനുളള തീരുമാനത്തിനെതിരെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിംകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നാല് ശതമാനം റദ്ദാക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ഒരാഴ്ച മുന്‍പായിരുന്നു ഈ തീരുമാനം .ഒരു പഠനവും നടത്താതെ സംവരണം ഇല്ലാതാക്കിയ തീരുമാനം ചോദ്യം ചെയ്തു വിവിധ മുസ്ലിം സംഘടനകളാണ് സുപ്രിംകോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ തീരുമാനം വികലമെന്നാണ് സുപ്രീംകോടതി കഴിഞ്ഞ തവണ വിശേഷിപ്പിച്ചത്. ജസ്റ്റിസ് കെ.എം . ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണയ്ക്കുന്നത്.
2023 - മാർച്ച് 25 ന് കർണാടകയിലെ ബസവരാജ ബൊമ്മൈ സർക്കാർ . സംസ്ഥാനത്ത് കാൽ നൂറ്റാണ്ടായി നിലനിന്നിരുന്ന മുസ്ലിം സംവരണം എടുത്തു കളഞ്ഞത് . മതത്തിൻറെ പേരിലുള്ള സംവരണത്തെ ഭരണഘടന അംഗീകരിക്കുന്നില്ല. ജാതി സംവരണമാണ് ഭരണഘടന വിഭാവന ചെയ്തിട്ടുള്ളത്. എന്നാൽ മുസ്ലിം സമുദായത്തിൻറെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് അവരെ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ (OBC) ഉൾപ്പെടുത്തി സംവരണം നൽകുന്ന പതിവ് മിക്ക സംസ്ഥാനങ്ങളും സ്വീകരിച്ചിട്ടുണ്ട്.
1995 ൽ ദേവഗൗഡ സർക്കാരാണ് കർണാടകത്തിൽ മുസ്ലീങ്ങൾക്ക് 4% സംവരണം ഉറപ്പാക്കി നിയമ നിർമ്മാണം നടത്തിയത്. ആ വ്യവസ്ഥയാണ് ബൊമ്മൈ സർക്കാർ എടുത്തു കളഞ്ഞത്.മുസ്ലീങ്ങൾക്കുള്ള സംവരണം എടുത്തുകളയുക മാത്രമല്ല അവർക്കായി നീക്കിവെച്ച 4% ക്വാട്ട സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗക്കും തുല്യമായി വീതിച്ചു നൽകുകയും ചെയ്തു.
കർണാടകത്തിൽ 24% പട്ടിക ജാതി പട്ടിക വർഗങ്ങളാണ്. മഡിഗ, ആദി ദ്രാവിഡ, ബംബി, ബഞ്ജാറ, ഭോവി, ചലവാടി, കോർമ, കൊറച്ച എന്നിങ്ങനെ ഒട്ടേറെ വിഭാഗങ്ങൾ ഉൾപ്പെട്ടതാണ് കർണാടകത്തിലെ പട്ടികജാതി പട്ടിക വർഗം. പട്ടികജാതിക്കാരുടെ സംവരണം 15% ആയിരുന്നത് ഇപ്പോൾ 17% ആയി ഉയർത്തി. പട്ടിക വർഗ സംവരണം 3% ആയിരുന്നത് 7% ആയും ഉയർത്തി. എന്നാൽ ഈ സംവരണത്തിനുള്ളിൽ നടത്തിയ പുനക്രമീകരണം പല വിഭാഗങ്ങളുടേയും പ്രതിഷേധത്തിലാണ് കലാശിച്ചത്.
Ads by Google
Post a Comment