ബെംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകും. മദനി കേരളത്തിൽ സന്ദർശിക്കുന്ന ഇടങ്ങൾ കർണാടക പൊലീസിന്‍റെ സംഘം സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും. അതിനായി മദനി സന്ദർശിക്കുന്ന സ്ഥലങ്ങളുടെ വിവരം പൊലീസിന് കൈമാറിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണം വിലയിരുത്തിയ ശേഷമേ നാട്ടിൽ പോകാൻ മദനിക്ക് അനുമതി കിട്ടൂ.
ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതിയാണ് ജൂലൈ പത്ത് വരെ കേരളത്തിൽ തുടരാൻ അനുമതി നൽകിയത്. കർണാടക പൊലീസിന്റെ സുരക്ഷയിലാകും മദനി കേരളത്തിൽ എത്തുക. ചികിത്സയടക്കം വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അബ്ദുൾ നാസർ മദനി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയത്.
കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പിതാവിന്റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണാൻ അനുവദിക്കണമെന്നും മദനി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മദനിയുടെ അപേക്ഷയെ കർണാടക സർക്കാർ ശക്തമായി എതിർത്തു. വ്യവസ്ഥയിൽ ഇളവ് നൽകിയാൽ മദനി ഒളിവിൽ പോകുമെന്നായിരുന്നു സർക്കാരിന്റെ വാദം.
എന്നാൽ മദനി ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവാണെന്നും ഇളവ് അനുവദിച്ചാൽ ഏങ്ങോട്ടും ഓടിപ്പോകില്ലെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരീസ് ബീരാൻ എന്നിവർ വാദിച്ചു. തുടർന്നാണ് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിയത്. കര്‍ണാടക പോലീസിന്റെ നിരീക്ഷണത്തിൽ കേരളത്തില്‍ കഴിയാനാണ് മദനിക്ക് അനുമതിയുളളത്. കര്‍ണാടക പോലീസിനുള്ള ചെലവ് മദനി വഹിക്കേണ്ടി വരും. കേസ് ജൂലായിൽ വീണ്ടും കോടതി പരിഗണിക്കും.
Post a Comment