Join News @ Iritty Whats App Group

ഇന്‍സ്റ്റഗ്രാം പ്രണയങ്ങള്‍ വലവിരിക്കുന്നു; വീടുവിട്ടിറങ്ങുന്ന പെണ്‍കുട്ടികള്‍ പൊലീസിന് തലവേദനയാകുന്നു; 'പലരും എത്തിപ്പെടുന്നത് സെക്സ് റാകറ്റുകളുടെ കൈകളിലേക്ക്'



കണ്ണൂര്‍: സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം പെണ്‍കുട്ടികളെ കുരുക്കുന്നതായി പൊലീസ്.

ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ അമിതമായി ഉപയോഗിക്കുന്ന കുട്ടികളെയാണ് വലയില്‍ വീഴ്ത്താന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നത്. പ്രണയം നടിച്ചു കുട്ടികളെ പലയിടങ്ങളിലേക്കും പ്രലോഭിപ്പിച്ചു കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കുന്നുവെന്നാണ് കണ്ണൂര്‍ ജില്ലാ പൊലീസ് അധികൃതര്‍ പറയുന്നത്.

'വയനാട്ടിലെ റിസോര്‍ട്ടിലേക്കും ബെംഗ്ളൂറിലേക്കും പെണ്‍കുട്ടികളെ തന്ത്രപരമായി കൂട്ടിക്കൊണ്ടു പോയാണ് ഇവര്‍ ലൈംഗീക ചൂഷണത്തിനിരയാക്കുന്നത്. പാവപ്പെട്ട വീട്ടിലെ കുട്ടികളാണ് സെക്സ് റാകറ്റുകളുടെ ഇരയാവുന്നത്. കൗമാരക്കാരെ ലക്ഷ്യമിട്ടാണ് സെക്സ് മാഫിയ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ നിന്നും വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ ഇന്‍സ്റ്റഗ്രാം പ്രണയത്തില്‍ കുടുങ്ങിയവരാണെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും 16 കാരികളെ അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിങ്ക് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് ഇന്‍സ്റ്റഗ്രാം പ്രണയം മൂത്ത് വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്ന് വ്യക്തമായത്. തലശേരിയില്‍ നിന്നും ബെംഗ്ളൂറിലേക്ക് വരാനായിരുന്നു ഇവരോട് പ്രണയിതാക്കള്‍ നിര്‍ദേശിച്ചിരുന്നത്. ഇതിനായുളള പണവും വസ്ത്രങ്ങളും പൊലീസ് കുട്ടികളില്‍ നിന്നും കണ്ടെത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കി കൗണ്‍സിലിങ് നല്‍കിയതിന് ശേഷമാണ് ഇവരെ രക്ഷിതാക്കളോടൊപ്പം വിട്ടയച്ചത്.

കഴിഞ്ഞ ഒരുമാസത്തിനിടെ പത്തിലേറെ പെണ്‍കുട്ടികളാണ് ഇന്‍സ്റ്റഗ്രാം വലയില്‍ വീണ് നാടുവിടാന്‍ ശ്രമിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് കാസര്‍കോട്ടെ തീരദേശമേഖലയില്‍ നിന്നും 16 വയസുളള പെണ്‍കുട്ടികളെ കാണാതായിരുന്നു. രക്ഷിതാക്കളുടെ പരാതി ലഭിച്ചയുടന്‍ ചന്തേര എസ്‌ഐ എംവി ശ്രീദാസിന്റെ നേതൃത്വത്തിലുളള സംഘം നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കോഴിക്കോടുനിന്നും കണ്ടെത്തിയത്', പൊലീസ് പറയുന്നു.

കോവിഡിന് ശേഷമാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി കുട്ടികളില്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നത് വ്യാപകമായത്. എന്നാല്‍ പിന്നീട് ഇത് സോഷ്യല്‍ മീഡിയ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുന്നതിലേക്ക് വഴിമാറുകയായിരുന്നു. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്.

Post a Comment

Previous Post Next Post
Join Our Whats App Group