മലപ്പുറം : ദുബായിൽ കെട്ടിടത്തിന് തീപിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ച മലപ്പുറം സ്വദേശികളായ റിജേഷ്, ഭാര്യ ജിഷി എന്നിവരുടെ വീട്ടിലെത്തിച്ചു. മൃതദേഹങ്ങൾ വേങ്ങരയിലെ പണി പൂർത്തിയാകാനിരുന്ന വീട്ടിലാണ് എത്തിച്ചത്. സംസ്‌കാരം തറവാട്ടു വളപ്പിൽ. ദുബൈ ദേരയില്‍ കഴിഞ്ഞ ദിവസമാണ് തീപിടിത്തത്തില്‍ 16 പേര്‍ മരിച്ചത്. അപടകത്തിൽ മരിച്ച 12 പേര്‍ തിരിച്ചറിഞ്ഞപ്പോഴാണ് മരിച്ചവരിൽ പ്രവാസി ദമ്പതികളായ മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരും ഉണ്ടെന്ന വിവരം ലഭിക്കുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.35 ഓടെ ദേര ഫിര്‍ജ് മുറാറിലെ തലാല്‍ ബില്‍ഡിങിലാണ് തീപിടിച്ചത്. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിന്റെ നാലാം നിലയില്‍ തീ പടരുകയായിരുന്നു. റിജേഷും ഭാര്യയും താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലാണ് തീ പിടിച്ചത്. ഇവിടെ നിന്നുള്ള പുക ശ്വസിച്ചതാണ് ഇവരുടെ മരണ കാരണമായത്. രക്ഷാപ്രവര്‍ത്തനം നടത്തിയ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനും മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഒന്‍പത് പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്‍തു. മരിച്ച റിജേഷ് ദുബൈയില്‍ ട്രാവല്‍സ് ജീവനക്കാരനായിരുന്നു. ജിഷി ഖിസൈസ് ക്രസന്റ് സ്‍കൂള്‍ അധ്യാപികയും. മരിച്ച 16 പേരില്‍ 12 പേരെയാണ് തിരിച്ചറിഞ്ഞത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരെയും നാല് സുഡാന്‍ പൗരന്മാരെയും, മൂന്ന് പാകിസ്ഥാന്‍ പൗരന്മാരെയും ഒരു കാമറൂണ്‍ സ്വദേശിയെയുമാണ് തിരിച്ചറിഞ്ഞത്.
Post a Comment