തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കാലാവധി പൂര്‍ത്തിയാക്കി ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റി അംഗം ചിന്ത ജെറോം ഒഴിയുന്നു. രണ്ട് ടേം പൂര്‍ത്തിയാക്കി ശേഷമാണ് ചിന്ത സ്ഥാനം ഒഴിയുന്നത്.പകരം ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം എം ഷാജര്‍ യുവജന കമ്മിഷന്‍ അദ്ധ്യക്ഷനാകുമെന്നാണ് വിവരം.
ഇത് സംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. ഡിവൈഎഫ്‌ഐ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും നിലവില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമാണ് എം ഷാജര്‍. മൂന്നു വര്‍ഷമാണ് യുവജന കമ്മീഷന്‍ അദ്ധ്യക്ഷന്റെ കാലാവധി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2016ലാണ് ചിന്തയെ അദ്ധ്യക്ഷയായി നിയമിച്ചത്. പിന്നീട് സര്‍ക്കാരിന്റെ അവസാന ഘട്ടത്തില്‍ വീണ്ടും നിയമനം നല്‍കിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി ആറിന് രണ്ടാം ടേം പൂര്‍ത്തിയായി. പുതിയ അദ്ധ്യക്ഷനെ നിയമിക്കുന്നതു വരെയോ പരമാവധി ആറു മാസമോ തുടരാമെന്ന വ്യവസ്ഥയിലാണ് ചിന്ത ഫെബ്രുവരിക്ക് ശേഷം ചുമതല വഹിച്ചത്. ലഹരി വിരുദ്ധ പ്രചാരണം, ജില്ലാതല അദാലത്തുകള്‍, തൊഴില്‍ മേളകള്‍, ജോബ് പോര്‍ട്ടല്‍ തുടങ്ങിയവ നേട്ടമായി കാണുന്നുവെന്ന് ചിന്ത പറഞ്ഞു.
Ads by Google
Post a Comment