Join News @ Iritty Whats App Group

ആശുപത്രിയിലെത്തുന്നവർ തീറ്റ മത്സരത്തിന് വരുന്നവരല്ലെന്ന ബോധം സുരേന്ദ്രനില്ല: എംവി ജയരാജന്‍



കണ്ണൂർ: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണമെത്തിച്ചുനൽകുന്ന ഡി വൈ എഫ് ഐയുടെ ഹൃദയപൂർവം പദ്ധതിയെ, തീറ്റ മത്സരത്തോട് ഉപമിച്ച ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സ്വന്തം നിലവാരം സ്വമേധയാ ഒരിക്കൽക്കൂടി തുറന്നുകാണിച്ചിരിക്കുന്നുവെന്ന് സി പി എം നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരും കൂട്ടിരിപ്പുകാരും സ്വന്തക്കാരുടെ അസുഖത്തിൽ മനസ്സെരിഞ്ഞ് നിൽക്കുമ്പോൾ തീറ്റ മത്സരം നടത്താനുള്ള മാനസികാവസ്ഥയിൽ ആയിരിക്കില്ലെന്ന മിനിമം മര്യാദാബോധമെങ്കിലും സുരേന്ദ്രന് ഉണ്ടാവേണ്ടതായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഫലത്തിൽ, സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയ / എത്തുന്ന ഓരോ ജനങ്ങളെയുമാണ് ബി ജെ പി പ്രസിഡന്റ് അപമാനിച്ചിരിക്കുന്നത്. ഡി വൈ എഫ് ഐ യുടെ ഹൃദയപൂർവം പദ്ധതി പ്രതിദിനം പതിനായിരങ്ങൾക്കാണ് ഭക്ഷണമെത്തിച്ചുനൽകുന്നത്. ലോകത്തുതന്നെ ഇത്തരമൊരു മഹാ കാരുണ്യ പ്രവൃത്തി വേറെ കാണാൻ കഴിഞ്ഞേക്കില്ല. മനസ്സെരിഞ്ഞ് നിൽക്കുന്നവരുടെ വിശപ്പകറ്റാനുള്ള ഡി വൈ എഫ് ഐ യുടെ ഈ വലിയ സന്നദ്ധപ്രവർത്തനത്തിന് പിന്നിൽ, ഏത് മഴയത്തും വെയിലത്തും ചോർന്നുപോവാത്ത ഒരർപ്പണ ബോധമുണ്ട്. പണിമുടക്ക് / ഹർത്താൽ ദിനത്തിലും പ്രവർത്തനനിരതമാകുന്ന ഈ യുവതയുടെ സാമൂഹ്യപ്രതിബദ്ധതയും ഒട്ടേറെത്തവണ കേരളം കണ്ടതാണ്.

ഒരു ദിനംപോലും മുടങ്ങാതെ, പൊതിച്ചോറ് ശേഖരിച്ച് എത്തിച്ചുനൽകുന്ന പ്രവർത്തനത്തിന് പിന്നിലെ അധ്വാനവും ചെറുതല്ലെന്നത് കാണണം. പൊതിച്ചോർ തയ്യാറാക്കി നൽകി കക്ഷി-രാഷ്ട്രീയ ഭേദമെന്യേ നിരവധിയായ കുടുംബങ്ങളും പ്രതിദിനം 'ഹൃദയപൂർവം' നന്മയുടെ ഭാഗമാവുന്നുണ്ട് .അവരെക്കൂടിയാണ് ബി ജെ പി പ്രസിഡന്റ് അപമാനിച്ചിരിക്കുന്നതെന്നും എം വി ജയരാജന്‍ ആരോപിക്കുന്നു.

അമ്മ വീട്ടിലില്ലെങ്കിലും ഈ വലിയ കാരുണ്യ പ്രവൃത്തിയിൽ പൊതിച്ചോറ് തയ്യാറാക്കി നൽകിയ സ്കൂൾ കുട്ടിയുടെ കുറിപ്പ് ഈ അടുത്ത് വൈറലായതാണ്. ആ സ്കൂൾ കുട്ടിയുടെ ആത്മാർത്ഥതയും സ്നേഹവും മനസിന്റെ വലിപ്പവും അടയാളപ്പെടുത്തിയതാണത്. ആറുമാസത്തോളം ആശുപത്രിയിൽ കഴിയേണ്ടിവന്ന ഘട്ടത്തിൽ ഡി വൈ എഫ് ഐ പൊതിച്ചോർ അനുഗ്രഹമായത് വിവരിച്ച വീട്ടമ്മയുടെ വാക്കുകളും സമൂഹം ശ്രദ്ധിച്ചതാണ്. ഇങ്ങനെ എത്രയെത്ര പേർ...

ഡി വൈ എഫ് ഐ യുടെ 'ഹൃദയപൂർവം' കാരുണ്യ പ്രവൃത്തിയെ മാത്രമല്ല, സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന രോഗികളേയും കൂട്ടിരിപ്പുകാരേയും, അവർക്കുള്ള ഒരു നേരത്തെ ഭക്ഷണം സ്നേഹപൂർവ്വം തയ്യാറാക്കി നൽകുന്നവരെയും അപമാനിച്ച ബി ജെ പി പ്രസിഡന്റ് കേരളീയ സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണമെന്നും സി പി എം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group