കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീഷണിക്കത്തെഴുതിയയാളെ വിദഗ്ധമായി കുടുക്കി പൊലീസ്. കൈയക്ഷരം ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് കൊച്ചി കതൃക്കടവ് സ്വദേശിയ സേവ്യറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജോണി എന്ന ജോസഫ് ജോണിനോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഇയാൾ ജോണിന്റെ പേരിൽ കത്തെഴുതിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ കൈയക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടക്കം മുതലേ സേവ്യർ പൊലീസിന്റെ റഡാറിനകത്തായിരുന്നു.
കത്തിന് പിന്നിൽ സേവ്യറാണെന്ന് ജോണി ഇന്നലെ തന്നെ ആരോപിച്ചിരുന്നു. പൊലീസിനോടാണ് തന്റെ സംശയം ജോണി പറഞ്ഞത്. തുടർന്ന് പൊലീസ് സേവ്യറിനെ വിളിച്ചുവരുത്തി. തന്നോടുള്ള വിരോധം തീർക്കാൻ വേണ്ടി സേവ്യർ ചെയ്തതാകാം ഇതെന്നായിരുന്നു ജോണി പറഞ്ഞത്. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചില്ല. ഒടുവിൽ കൈയക്ഷരം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതോടെ സേവ്യർ കുടുങ്ങി. പരിശോധനയിൽ സേവ്യറിന്റെ കൈയക്ഷരവും ഭീഷണിക്കത്തിലെ കൈയക്ഷരവും ഒന്നാണെന്ന് സ്ഥിരീകരിച്ചു.
തിങ്കളാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്നായിരുന്നു ഭീഷണിക്കത്ത്. ഒരാഴ്ച മുമ്പാണ് ബിജെപി സംസ്ഥാന ഓഫിസിൽ കത്ത് കിട്ടിയത്. തുടർന്ന് കത്ത് പൊലീസിന് കൈമാറി. ഫോൺ നമ്പർ സഹിതം ജോസഫ് ജോണെന്ന ആളുടെ പേരിലായിരുന്നു കത്ത് വന്നത്. തുടക്കത്തിൽ തന്നെ ഇത് സംശയമുണർത്തി. ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ജോസഫ് ജോൺ എറണാകുളം കത്രിക്കടവ് സ്വദേശി എൻ ജെ ജോണിയാണെന്ന് വ്യക്തമായി.
തുടർന്ന് ജോണിയെ ചോദ്യം ചെയ്തു. കത്ത് താനെഴുതിയതല്ലെന്നും മറ്റൊരാളെ സംശയമുണ്ടെന്നും ജോണി പൊലീസിനെ അറിയിച്ചു. കേരളത്തിലെത്തുന്ന നരേന്ദ്രമോദിയെ ചാവേർ ആക്രമണത്തിലൂടെ വധിക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം.
Post a Comment