കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം സെഷന്‍സ് കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.
അപകട സമയത്ത് ശ്രീറാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ഈ സമയം വൈദ്യപരിശോധനയ്ക്ക് ശ്രീറാം സമ്മതിച്ചിരുന്നില്ല. വൈദ്യപരിശോധന വിസമ്മതിച്ചാല്‍ മദ്യപിച്ചതായി കണക്കാക്കാമെന്ന് മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നു. സെഷന്‍സ് കോടതി ഇതൊന്നും പരിഗണിക്കാതെയാണ് നരഹത്യാക്കുറ്റം ഒഴിവാക്കിയതെന്നും സര്‍ക്കാര്‍ റിവ്യൂ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
തനിക്കെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നും മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റം മാത്രമേ നിലനില്‍ക്കുവെന്നും ശ്രീറാം വാദിച്ചിരുന്നു. എന്നാല്‍ കോടതി ഇത് തള്ളി. ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് തെളിയിക്കാന്‍ കഴിയില്ലെന്ന് കണ്ടാണ് സെഷന്‍സ് കോടതി നരഹത്യാക്കുറ്റം ഒഴിവാക്കിയത്.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച വോക്‌സ്‌വാഗണ്‍ കാര്‍ കെ.എം ബഷീറിനെ ഇടിച്ചുതെറിപ്പിച്ചത്. തിരുവനന്തപുരം കവടിയാറിലെ പി.എസ്്.സി ഓഫീസിനു സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ബഷീര്‍ വൈകാതെ മരണമടഞ്ഞു. കേസില്‍ വഫ് ഫിറോസിനെതിരാ നരഹത്യാക്കുറ്റവും സെഷന്‍സ് കോടതി ഒഴിവാക്കിയിരുന്നു.
Post a Comment