തൃശൂർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസുകാരി മരിച്ച സംഭവത്തിൽ ദൃക്സാക്ഷിയായതിന്റെ ഞെട്ടലിലാണ് മുത്തശ്ശി സരസ്വതി. വലിയൊരു പൊട്ടിത്തെറി കേട്ട് ഓടിയെത്തിയപ്പോൾ പേരക്കുട്ടി ചോരയിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടെതെന്ന് സരസ്വതി പറയുന്നു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മരിച്ചത്.
പുതപ്പിനടിയിൽ കിടന്ന് ഗെയിം കളിക്കുകയായിരുന്നു കുട്ടി. ഗുളികയെടുക്കാൻ താൻ പുറത്തുപോയി. വലിയ പൊട്ടിത്തെറി കേട്ടാണ് എത്തിയത് ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് മുത്തശ്ശി പറഞ്ഞു. അപകടസമയത്ത് മകളും മുത്തശ്ശിയുമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവം തന്നെ വിളിച്ചറിയിക്കുന്നത് സഹോദരനാണ്. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് കുട്ടിയുടെ പിതാവ് അശോക് കുമാർ ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് വിശദ പരിശോധന നടത്താൻ ഫോറൻസിക് സംഘം സ്ഥലത്തെത്തിയിരുന്നു. ഫോൺ പൊട്ടിത്തെറിച്ചാണ് അപകടം നടന്നിരിക്കുന്നതെന്നാണ് ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചു.
Post a Comment