Join News @ Iritty Whats App Group

കയറ്റുമതി ചെയ്യുന്ന മാംസ ഉൽപ്പന്നങ്ങളുടെ ഹലാൽ സർട്ടിഫിക്കറ്റിന് ഇനി കേന്ദ്രം നിർദേശിക്കുന്ന സമിതിയുടെമാർഗ നിർദേശങ്ങൾ

മാംസവും മാംസ ഉൽപ്പന്നങ്ങളും ഹലാൽ സർട്ടിഫിക്കറ്റ് നൽകി കയറ്റുമതി ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കി. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകൃത ബോഡി നൽകുന്ന സർട്ടിഫിക്കറ്റ് ഉള്ള സ്ഥാപനങ്ങളിൽ ഉത്പാദിപ്പിക്കുകയും പാക്ക് ചെയ്യുകയും ചെയ്ത മാംസ ഉൽപ്പന്നങ്ങൾ മാത്രമേ ഹലാൽ സർട്ടിഫിക്കറ്റോടു കൂടി കയറ്റുമതി ചെയ്യാൻ അനുവാദമുള്ളൂ. വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹലാൽ നിയന്ത്രണമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ രാജ്യത്തിന്റെ ആവശ്യകതകൾ നിറവേറ്റേണ്ട ബാധ്യത കയറ്റുമതിക്കാർ, നിർമ്മാതാവ്, വിതരണക്കാർ എന്നിവർക്കുണ്ട്.

കൂടാതെ ഈ വർഷം ജനുവരിയിൽ ഇന്ത്യയിൽ നിന്നുള്ള മാംസവും മാംസ ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള ഹലാൽ സർട്ടിഫിക്കേഷന്‍ പ്രക്രിയ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ഹലാൽ സർട്ടിഫിക്കേഷന്‍ സംബന്ധിച്ച കരട് മാർഗ്ഗനിർദേശങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി ) സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രാലയത്തിന്റെ ഒരു വിഭാഗമാണ് ഡിജിഎഫ്ടി. ഹലാൽ സർട്ടിഫിക്കേഷൻ പ്രക്രിയയ്ക്കുള്ള നയ വ്യവസ്ഥകളും മാർഗനിർദ്ദേശത്തിൽ നൽകിയിട്ടുണ്ടെന്നും ഡിജിഎഫ്ടി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ നിലവിലുള്ള എല്ലാ ഹലാൽ സർട്ടിഫിക്കേഷൻ ബോഡികൾക്കും നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ സർട്ടിഫിക്കേഷൻ ബോഡിയിൽ നിന്ന് അംഗീകാരം ലഭിക്കുന്നതിന് ആറുമാസത്തെ സമയപരിധിയും അനുവദിച്ചിട്ടുണ്ട്. പുറത്തിറക്കിയ വിജ്ഞാപന് കീഴിൽ പോത്തിറച്ചി, മത്സ്യം, ചെമ്മരിയാടുകളുടെയും കോലാടുകളുടെയും മാംസം, സോസേജുകൾ, മാംസത്തിന്റെ മറ്റു ഉൽപ്പന്നങ്ങൾ എന്നിവയും ഉൾപ്പെടും.

2021 ൽ ആഗോള ഹലാൽ ഫുഡ് മാർക്കറ്റ് 1978 യു എസ് ബില്യൺ ഡോളറിലെത്തിയിരുന്നു. ഇനി 2027 ഓടെ ഈ വിപണി 3,907.7 ഡോളറിലെത്തും എന്നാണ് പ്രതീക്ഷ. അതേസമയം ഇതിലൂടെ മുസ്ലിം ഹലാൽ അധിഷ്ഠിത സംരംഭകർക്ക് വലിയ അവസരങ്ങൾ പ്രതിനിധീകരിക്കുമെന്നും പറയുന്നു. എന്നാൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഹലാൽ മാംസ ഉൾപ്പന്നങ്ങൾക്ക് ഇതുവരെ പ്രത്യേക ലേബലിംഗ് ആവശ്യകതകൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല.

കൂടാതെ നിലവിൽ ഇന്ത്യയിലെ പല സ്വകാര്യ കമ്പനികളും ഹലാൽ സർട്ടിഫിക്കേഷൻ നൽകുന്നുണ്ട്. ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജമിയത്ത് ഉലമ ഇ ഹിന്ദ് ഹലാൽ ട്രസ്റ്റ് എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഹലാൽ സാക്ഷ്യപ്പെടുത്തുന്ന സ്ഥാപനങ്ങൾ. ഇവരാണ് ഇന്ത്യയിലെ സ്ഥാപനങ്ങൾക്ക് ഹലാൽ സർട്ടിഫിക്കേഷനും നൽകുന്നത്. ഇന്ത്യോനേഷ്യ, മലേഷ്യ, തായ്‌ലൻഡ്, ഫിലിപ്പീൻസ്, യുഎഇ, പാകിസ്ഥാൻ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അവരുടേതായ ഹലാൽ മാനദണ്ഡങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും ഇതുവരെ ആഗോള ഹലാൽ മാനദണ്ഡങ്ങളൊന്നും ഉണ്ടായിട്ടില്ല. മുൻപ് മുസ്ലിം സ്ഥാപനങ്ങളിൽ മാത്രം നിലനിന്നിരുന്ന ഹലാൽ സർട്ടിഫിക്കേഷൻ ബോർഡാണ് ഇപ്പോൾ മറ്റ് സ്ഥാപനങ്ങളിലും എത്തിനിൽക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group