കുറവിലങ്ങാട്: എസ്എസ്എല്‍സി പരീക്ഷ മൂല്യനിര്‍ണയ ക്യാന്പുകളില്‍ ചിരിയുടെ മാലപ്പടക്കം. രസകരമായ ഉത്തരങ്ങളും മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരുടെ ശ്രദ്ധ നേടാൻ വിദ്യാര്‍ഥികള്‍ നടത്തുന്ന പരിശ്രമങ്ങളുമാണ് അധ്യാപകര്‍ക്ക് പൊട്ടിച്ചിരിക്കു വക നല്‍കുന്നത്.
പ്രധാന ഉത്തരക്കടലാസിന്റെ പേജുകള്‍ കൂടുതലായി അറിയാതെ മറിച്ചുപോയതോടെയാണ് ക്ഷമാപണവും അഭ്യര്ഥനയുമൊക്കെ ഒരു വിരുതൻ നിരത്തിയത്.
മറ്റൊരു വിദ്യാര്‍ഥി ഒരു പേജില്‍ എഴുതാതെ മറുപുറത്തെഴുതിയതിനും വന്നു അഭ്യര്‍ഥന. ഉത്തരക്കടലാസില്‍ ഇത്തരത്തിലുള്ള വ്യക്തിപരമായ കാര്യങ്ങളൊന്നും പാടില്ലെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇക്കാര്യങ്ങളൊന്നും അധ്യാപകര്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല.
ജയിക്കാന്‍ ആവശ്യമായ മാര്‍ക്ക് തന്ന് സഹായിക്കണമെന്ന അഭ്യര്‍ഥന പേപ്പറില്‍ എഴുതിയവരും ഉണ്ട്.ഇംഗ്ലീഷ് ഉത്തരക്കടലാസുകളില്‍ പലതിലും അടിസ്ഥാന വ്യാകരണങ്ങള്പ്പോലും മാറിമറിഞ്ഞിരിക്കുകയാണെന്ന് അധ്യാപകര്‍ പറയുന്നു.
കോവിഡ് സമയത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസം നടത്തിയ കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലായിരുന്നതിന്റെ കുറവ് പത്താംതരത്തിലെത്തിയപ്പോഴും കാണുന്നുണ്ടെന്ന് വിലയിരുത്തലുണ്ട്.
ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ താരതമ്യേന നല്ല നിലവാരത്തിലാണെന്നാണ് അധ്യാപരുടെ നിലപാട്.
നാലു വേളകളിലായി 14 ദിവസങ്ങളിലായാണ് മൂല്യനിര്‍ണയ ക്യാന്പ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടകം ഏപ്രില്‍ മൂന്ന്, നാല്, അഞ്ച് ദിവസങ്ങളിലായി മൂന്ന് ദിനങ്ങളില്‍ ക്യാന്പ് പ്രവര്‍ത്തിച്ചിരുന്നു.
ഇന്നുമുതല്‍ നാലുദിവസത്തേക്കാണ് രണ്ടാമത്തെ വേള. തുടര്‍ന്ന് 17 മുതല്‍ 20 വരെയും 24 മുതല്‍ 26 വരെയുമുള്ള ദിവസങ്ങളിലാണ് ക്യാന്പ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ മൂല്യനിര്‍ണയത്തിനായി 70 ക്യാന്പുകളാണ് ക്രമീകരിച്ചിട്ടുള്ളത്
Post a Comment